ന്യൂഡല്‍ഹി: ഇറാഖിലേക്ക് തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് നിരവധി ചെറുപ്പക്കാരാണ് ഇറാഖ് ലക്ഷ്യമാക്കിയുള്ള ട്രാവല്‍ ഏജന്‍സികള്‍ക്കു മുന്നില്‍ ഊഴം കാത്ത് നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാഖി കമ്പനികള്‍ ഡ്രൈവര്‍മാര്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ വേതനമാണ് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്നത്.
ദുബായില്‍ വിസിറ്റിങ് വിസയിലെത്തി അവിടെ നിന്ന് ഇറാഖിലേക്ക് പോകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇമിഗ്രന്റസ് മാനേജ്‌മെന്റ് അസോസിയേഷനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തകാലത്ത് ശരാശരി ദിവസേന 75100 യുവാക്കള്‍ ഇങ്ങനെ തൊഴില്‍ തേടി ഇറാക്കിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല.