കാലാവസ്ഥാ പ്രതിസന്ധിയോട് പൊരുതാന്‍ കണ്ടല്‍ച്ചെടികള്‍ നട്ട് ഇറാഖ്

ഇറാഖ്: കാലാവസ്ഥാ പ്രതിസന്ധിയോട് പൊരുതാന്‍ കണ്ടല്‍ച്ചെടികള്‍ നട്ട് ഇറാഖ്. പ്രധാന എണ്ണപ്പാടങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഖോര്‍ അല്‍ സുബൈറിലാണ് 4 ദശലക്ഷം കണ്ടല്‍ച്ചെടികള്‍ നടാനൊരുങ്ങുന്നത്. വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാഖിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ ഇരട്ടിയിലധികം വര്‍ധനവ് രേഖപ്പെടുത്തി. ആഗോള താപനത്തോട് പൊരുതാനായി പുതിയ കണ്ടല്‍ച്ചെടികള്‍ സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഇറാഖ് ഗവണ്‍മെന്റ് ഒരു യു.എന്‍ ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ സമൂഹങ്ങളെ കൊടുങ്കാറ്റില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും കണ്ടല്‍ച്ചെടികള്‍ സംരക്ഷിക്കും. വംശനാശ ഭീഷണി നേരിടുന്ന സസ്യവര്‍ഗങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയൊരുക്കാനും ഈ കണ്ടല്‍ച്ചെടികള്‍ക്ക് സാധിക്കും. ഇറാഖിന്റെ ശുദ്ധജല സ്രോതസ്സുകള്‍ ഇതിനായി ആവശ്യം വരില്ല.

മറ്റ് സസ്യങ്ങള്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും കണ്ടല്‍ച്ചെടികള്‍ക്ക് വളരുവാന്‍ സാധിക്കും. കണ്ടല്‍ച്ചെടികളുടെ 12,000 ത്തോളം തൈകള്‍ വളര്‍ത്തുന്ന നഴ്സറിയില്‍ നിന്നാണ് നടാനുള്ള കണ്ടലുകളെത്തിയതെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ അഹമ്മദ് അല്‍ബാജ് പറയുന്നു.

Top