Iraqi army drives Islamic State from Christian region near Mosul

ബഗ്ദാദ് :ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഇറാഖിലെ പതനം പ്രഖ്യാപിച്ചുകൊണ്ട് സഖ്യസേനയുടെ പിന്തുണയോടെ ഇറാഖ് സൈന്യം മൊസൂള്‍ നഗരം പിടിക്കാനുള്ള അന്തിമ പോരാട്ടം തുടങ്ങി.

അവസാന മാര്‍ഗം എന്ന നിലയില്‍ കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് മനുഷ്യമതില്‍ തീര്‍ത്തു പ്രതിരോധിക്കുകയാണ് ഐഎസ്.

കഴിഞ്ഞ ദിവസം മാത്രം ഭീകരര്‍ 284 പേരെയാണ് വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ നഗരത്തിന്റെ വടക്കുള്ള കാര്‍ഷിക യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കൂട്ടമായി മറവു ചെയ്തു.

മൊസൂള്‍ നഗരത്തിനു സമീപത്തെ ഖറാഖോഷ് പിടിച്ചെടുത്തത് സൈന്യം നേടിയ വന്‍ വിജയമായി. ക്രിസ്ത്യന്‍ മേഖലയായ ഇവിടം 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലായിരുന്നു.

മൊസൂള്‍ പിടിക്കാന്‍ പൊരിഞ്ഞ യുദ്ധം വേണ്ടിവരുമെന്നാണ് ഇറാഖ്- സഖ്യ സേന കരുതുന്നത്. കുര്‍ദിഷ് പോരാളികളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നു.

മൊസൂളില്‍ അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ ഐഎസ് ഭീകരര്‍ ഉണ്ടെന്നാണ് നിഗമനം. തിങ്കളാഴ്ച മുതല്‍ വ്യോമാക്രമണം കൂടി നടത്താനാണ് സഖ്യസേനയുടെ പദ്ധതി.

ഇക്കാര്യം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ബഗ്ദാദിലെത്തി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടരുന്ന ശക്തമായ മുന്നേറ്റത്തിനിടയില്‍ അന്‍പതോളം ഐഎസ് നിയന്ത്രണ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.

മൊസൂള്‍ പിടിക്കാനുള്ള മുന്നേറ്റത്തിനിടയില്‍ അമേരിക്കയുടെ നാവിക ഓഫീസര്‍ ജാസണ്‍ ഫിനാന്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടു. സൈന്യത്തെ പ്രതിരോധിക്കാന്‍ സള്‍ഫര്‍ ഫാക്ടറിക്ക് ഐഎസ് ഭീകരര്‍ തീയിട്ടതിന്റെ ഫലമായി കനത്ത പുക ഈ മേഖലയില്‍ ഉയരുന്നു.

ആയിരത്തോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുഖാവരണം ധരിച്ചാണ് സൈന്യം ഈ മേഖലയിലൂടെ മുന്നേറുന്നത്.

ഇതിനിടയില്‍ എണ്ണ ഉല്‍പാദന നഗരമായ കിര്‍കുക് നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ 48 ഐഎസ് ഭീകരരെ വധിച്ചതായി പൊലീസ് മേധാവി പറഞ്ഞു.

നിയന്ത്രണം നഷ്ടമാകുമെന്ന ഘട്ടത്തില്‍ ഒട്ടേറെ ചാവേറുകള്‍ പൊട്ടിത്തെറിച്ചതായും പൊലീസ് പറഞ്ഞു

Top