മൊസൂള്‍: എട്ട് മാസത്തെ പോരാട്ടത്തിന് ശേഷം ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫാ ഭരണത്തിന് രാജ്യത്ത് അന്ത്യമായെന്ന് ഇറാഖി സൈന്യം.
മൂന്ന് വര്‍ഷം മുമ്പ് ഐഎസ് പിടിച്ചെടുത്ത ഇറാഖിലെ ചരിത്ര പ്രസിദ്ധമായ മൊസൂള്‍ പള്ളി തിരിച്ചു പിടിച്ചതായും സൈന്യം കൂട്ടിച്ചേര്‍ത്തു. മൊസൂളിലെ ഈ പള്ളിയില്‍ വച്ചാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ഇറാഖിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ചുമതലയേറ്റത്.
ഇറാഖില്‍ ഐഎസിനെതിരെ നീണ്ട കാലമായി തുടരുന്ന പോരാട്ടം ഉടന്‍ തന്നെ വിജയത്തിലെത്തുമെന്നും സൈന്യം പറയുന്നു. മൊസൂളിന്റെ സമീപ പ്രദേശങ്ങളില്‍ ഇനിയും തുടരുന്ന ഐസിസ് തീവ്രവാദികളെ ഉടന്‍ തുടച്ചു നീക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
850 വര്‍ഷം പഴക്കമുള്ള ഗ്രാന്റ് അല്‍ നൂറി പള്ളി പിടിച്ചെടുക്കാനായത് ഐഎസിനെതിരായ വന്‍ വിജയമാണ്. ഐഎസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനം തകര്‍ന്നു വീണതായും ഒരു ഇറാഖി സൈനികന്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ ഐഎസ് തീവ്രവാദികളില്‍ നിന്നും ഇറാഖി സൈന്യം തിരിച്ചു പിടിച്ചിരുന്നു. മൊസൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും തൊട്ടടുത്തുള്ള സൈനിക താവളത്തിന്റെയും നിയന്ത്രണം തിരിച്ചുപിടിച്ച സൈന്യം പോരാട്ടം ശക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ ആക്രമണത്തിലാണ് ഐഎസ് തീവ്രവാദികളെ മൊസൂള്‍ പള്ളിയില്‍ നിന്നും തുരത്താനായതെന്നും ഇറാഖി സൈന്യം അറിയിച്ചു.