ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഭീകരര്‍ രാസായുധവുമായി സൈനികരെ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ മൊസൂളില്‍ നടത്തിയ രാസായുധ പ്രയോഗത്തില്‍ ആറ് ഇറാഖി സൈനികര്‍ക്കും നിരവധി സാധാരണക്കാര്‍ക്കും പരിക്കേറ്റിരുന്നു.
ഐഎസിന്റെ രണ്ടാമത്തെ മാരകമായ രാസായുധ പ്രയോഗമായിരുന്നു ഇതെന്ന് ഇറാഖി സൈനിക വക്താക്കള്‍ അറിയിച്ചു.
മൊസൂള്‍ ഭൂരിഭാഗവും ഐഎസില്‍ നിന്നും സൈന്യം മുക്തമാക്കിയെങ്കിലും ചില ഭാഗങ്ങളില്‍ ഭീകരര്‍ തമ്പടിക്കുന്നുണ്ട്. ഇവരെ പരമാവധി തുരത്താന്‍ സൈന്യം ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ രാസായുധ പ്രയോഗവുമായി രംഗത്തെത്തിയത്. ഞായറാഴ്ചയാണ് സൈന്യം തമ്പടിച്ചിരുന്ന പ്രദേശത്ത് ഭീകരര്‍ രാസായുധം പ്രയോഗിച്ചത്.
സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കാന്‍ ഭീകരര്‍ രാസായുധത്തിലൂടെ ശ്രമം തുടരുകയാണ്. എന്നാല്‍ മൊസൂളിലെ ഭീകരരുടെ എല്ലാ സങ്കേതങ്ങളും തകര്‍ക്കാന്‍ തങ്ങള്‍ക്കാകുമെന്നാണ് സൈന്യത്തിന്റെ വാദം.
മൊസൂളിലെ ഉറോബാ, ബാബാ ജദീദ് ജില്ലകളില്‍ നിന്നുമാണ് രാസായുധം പ്രയോഗിച്ചതെന്ന് സൈന്യം പറഞ്ഞു. നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ സാധാരണക്കാര്‍ ഈ പ്രദേശങ്ങളില്‍ വസിക്കുന്നുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇവരെ ഉടന്‍ തന്നെ ഭീകരരുടെ പക്കല്‍ നിന്നും മോചിപ്പിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.