രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി നാളെ ഫ്ളാഗ് ഓഫ് ചെയ്യും;ഞായറാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും

അഹമ്മദാബാദ്: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടിയായ മുംബൈ- അഹമ്മദാബാദ് തേജസ് എക്സ്പ്രസ് നാളെ ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേര്‍ന്നാണ് രണ്ടാം തേജസിന്റെ ഉദ്ഘാടന യാത്ര ഫ്ളാഗ് ഓഫ് ചെയ്യുക. തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതലാണ് ആരംഭിക്കുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി-ലഖ്‌നൗ പാതയില്‍ സര്‍വ്വീസ് ആരംഭിച്ച ആദ്യ സ്വകാര്യ തീവണ്ടി വലിയ വിജയമായതിന് പിന്നാലെയാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഓട്ടം തുടങ്ങുന്നത്. യാത്രക്കാര്‍ക്ക് ഐആര്‍ടിസിയുടെ വെബ്സൈറ്റ് മുഖേനയോ ഐആര്‍ടിസി റെയില്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്കു ചെയ്യാം. കൂടാതെ ഐആര്‍ടിസി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, പേടിഎം, ഇക്സിഗോ, ഫോണ്‍ പേ, മേക്ക് മൈ ട്രിപ്പ്, ഗൂഗിള്‍, തുടങ്ങിയ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഴ്ചയില്‍ വ്യാഴാഴ്ച ഒഴികെയുള്ള ആറ് ദിവസമാകും തീവണ്ടി സര്‍വ്വീസ് നടത്തുക.അഹമ്മദാബാദില്‍നിന്ന് വണ്ടി രാവിലെ 6.40-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് ഐ.ആര്‍.സി.ടി.സി. നല്‍കിയ സമയക്രമം. മുംബൈയില്‍നിന്ന് വൈകീട്ട് 3.40-ന് തിരിച്ച് രാത്രി 10.15-ന് വണ്ടി അഹമ്മദാബാദില്‍ എത്തും.

അത്യാധുനിക സൗകര്യങ്ങളാണ് തേജസ് എക്സ്പ്രസില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്.

പത്ത് ചെയര്‍കാര്‍ കോച്ചുകളും രണ്ട് എക്സിക്യുട്ടീവ് കാര്‍ കോച്ചുകളുമടങ്ങുന്നതാണ് തേജസ്.ഒരേ സമയം 736 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം സാധിക്കും.

Top