കരുനാഗപ്പള്ളി: അധികാരികളുടെ മുന്നിലൂടെ ഒരു ജനതയെ മുഴുവനും കണ്ണീരിലാഴ്ത്തി വികസനം പൊടിപൊടിക്കുന്നു.
ആലപ്പാടിന് സമീപമുള്ള ടിഎസ് കായലില്‍ കരിമണല്‍ ഖനനം നടത്തി ഗുരുതര നിയമലംഘനം നടത്തുകയാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്.
കായലില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ രഹസ്യമായി വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് രണ്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് ഖനനം. ഖനനത്തെത്തുടര്‍ന്ന് ടിഎസ് കായലിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായി.
മണല്‍ മോട്ടോര്‍ വഴി ഐആര്‍ഇയുടെ പ്രദേശത്ത് വന്ന് വീഴുന്നതും കാണാം. ആ മണല്‍ മണ്ണുമാന്തി യന്തം ഉപയോഗിച്ച് അതിവേഗം കായല്‍ തീരത്ത് നിന്ന് മാറ്റും.
ഈ പ്രദേശത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും കായല്‍ കയ്യേറി ഖനനം നടത്തുന്നതിന്റെ യഥാര്‍ത്ഥ ചിത്രം. പൊതു ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഐആര്‍ഇയ്ക്കകത്ത് പ്രവേശനമില്ലാത്തതിനാല്‍ സധൈര്യമാണ് നിയമലംഘനം.
മണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വികസനം പാടില്ലെന്നും മന്ത്രി ജി സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം, ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് നാട്ടുകാര്‍ തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.
പ്രകൃതി തരുന്ന വന്‍സമ്പത്താണ് കരിമണലെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നു.