ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ്

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് അയര്‍ലന്‍ഡ് ചരിത്രം സൃഷ്ടിച്ചത്. 111 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മൂന്നാം ദിനത്തിന്റെ അവസാന സെഷനില്‍ തന്നെ അയര്‍ലന്‍ഡ് മറികടന്നു. രണ്ടാം ഇന്നിങ്സില്‍ നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ നിര്‍ണായക പ്രകടനമാണ് അയര്‍ലന്‍ഡിന് ചരിത്രവിജയം സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് 263 റണ്‍സാണ് സ്വന്തമാക്കിയത്. അയര്‍ലന്‍ഡിന് വേണ്ടി പോള്‍ സ്റ്റിര്‍ലിങ് അര്‍ദ്ധ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. 89 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 52 റണ്‍സെടുത്ത സ്റ്റിര്‍ലിങ്ങാണ് ഒന്നാം ഇന്നിങ്സില്‍ അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. കുര്‍ട്ടിസ് കാംഫര്‍ (49), ലോര്‍കന്‍ ടക്കര്‍ (46) എന്നിവരും മികച്ച പിന്തുണ നല്‍കി. ഹാരി ടെക്ടര്‍ (32), ആന്‍ഡി മക്ബ്രൈന്‍ (38), പി ജെ മൂര്‍ (12), മാര്‍ക്ക് അദൈര്‍ (15) എന്നിവരാണ് പിന്നീട് ഐറിഷ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ആന്‍ഡ്രൂ ബാല്‍ബിര്‍ണി (2), തിയോ വാന്‍ വോര്‍കോം (1), ബാരി മക്കാര്‍ത്തി (5), ക്രൈഗ് യങ് (1*) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടി ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ ഭേദപ്പെട്ട തുടക്കം നല്‍കി. 83 പന്തില്‍ ഒന്‍പത് ബൗണ്ടറിയടക്കം 53 റണ്‍സെടുത്ത സദ്രാനാണ് ആദ്യ ഇന്നിങ്സില്‍ അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഒപ്പം കരീം ജനത് പുറത്താകാതെ 41 റണ്‍സെടുത്തും കളം നിറഞ്ഞു. എന്നാല്‍ മറ്റു ബാറ്റര്‍മാര്‍ ആരും മികച്ച പിന്തുണ നല്‍കാതിരുന്നതോടെ അഫ്ഗാന്‍ കേവലം 155 റണ്‍സിന് ഓള്‍ഔട്ട് ആയി. മറുവശത്ത് അയര്‍ലന്‍ഡിനായി മാര്‍ക്ക് അദൈര്‍ അഞ്ച് വിക്കറ്റുകളുമായി തിളങ്ങി.

Top