ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായി അയര്‍ലന്‍ഡ് താരം ആമി ഹണ്ടര്‍. കഴിഞ്ഞ ദിവസം സിംബാബ്വെക്കെതിരെ നടന്ന മത്സരത്തിലാണ് ആമി തകര്‍പ്പന്‍ സെഞ്ചുറിയടിച്ചത്. തന്റെ പതിനാറാം ജന്മദിനത്തിലായിരുന്നു റെക്കോര്‍ഡ് പ്രകടനം. പുരുഷ-വനിതാ ക്രിക്കറ്റുകളില്‍ ഇത് റെക്കോര്‍ഡാണ്.
മൂന്നാം നമ്പറില്‍ കളത്തിലെത്തിയ താരം 127 പന്തുകള്‍ നേരിട്ട് 121 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ റെക്കോര്‍ഡാണ് ഐറിഷ് താരം തകര്‍ത്തത്. 1999ല്‍ അയര്‍ലന്‍ഡിനെതിരെ പുറത്താവാതെ 114 റണ്‍സ് നേടുമ്പോള്‍ മിതാലിക്ക് 16 വയസ്സും 205 ദിവസവുമായിരുന്നു പ്രായം.
മത്സരത്തില്‍ അയര്‍ലന്‍ഡ് 85 റണ്‍സിന് സിംബാബ്വെയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. ഹണ്ടറിനൊപ്പം ഗാബി ലൂയിസ് (78), ലോറ ഡെലനി (68) എന്നിവരും അയര്‍ലന്‍ഡിനായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയ്ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.