ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഇര്‍ഫാന്‍ പത്താന്‍

ക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബുധനാഴ്ച കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക.

ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് നായകന്‍ നായകന്‍ രോഹിത് ശര്‍മ സൂചിപ്പിച്ചിരുന്നു. ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ആതിഥേയരുടെ തീതുപ്പുന്ന ബൗളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുന്നതാണ് രണ്ട് ഇന്നിംഗ്‌സിലും കണ്ടത്.

രവീന്ദ്ര ജഡേജ ഫിറ്റാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണം. അശ്വിന്‍ നന്നായി പന്തെറിഞ്ഞു. ആ പിച്ചില്‍ പ്രതീക്ഷിച്ച പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്. എന്നാല്‍ സെഞ്ചൂറിയനില്‍ ഏഴാം നമ്പറില്‍ ജഡേജയുടെ അഭാവം തിരിച്ചടിയായി. ഇതേ ബൗളിംഗ് ആക്രമണം തുടരാനാണ് തീരുമാനമെങ്കില്‍ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. എന്തെങ്കിലും മാറ്റം വരുത്താന്‍ ചിന്തിക്കുകയാണെങ്കില്‍ പ്രസിദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്താമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Top