മണിപ്പൂര്‍: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിനോയാണ് വരന്‍.
നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച്ചക്കുള്ളില്‍ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്.
മണിപ്പൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള നേരത്തെ അറിയിച്ചിരുന്നു. ദീപ്തി പ്രിയ മെഹ്‌റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്ട് ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും തമ്മില്‍ കത്തുകളയക്കാറുണ്ടായിരുന്നു. 2011ലാണ് ഇരുവരും കോടതിയില്‍വച്ച് നേരിട്ട് കാണുന്നത്.
ഈ പരിചയമാണ് പിന്നീട് വിവാഹം വരെ എത്തിനില്‍ക്കുന്നത്. എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോള്‍ പരിസമാപ്തി ആകുന്നത്. അടുത്തിടെ മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് ഇറോം കേരളത്തില്‍ എത്തിയിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ഡെസ്മണ്ടും ഇറോമും മധുരയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.