തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ എട്ടുവര്‍ഷം മുന്‍പ് സ്വകാര്യ പണമിടപാടുകാരനെ കൊന്ന് കുഴിച്ചുമൂടാന്‍ കാരണം പണമിടപാടിലെ തര്‍ക്കം.
പ്രതി അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു. വീടും സ്ഥലവും അനീഷ് ഈടായി നല്‍കി. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് കാരണം.
മാത്യുവിനെ എട്ടുവര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നുനില കെട്ടിടമാണ്. ഇവിടെ പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും
2008 നവംമ്പര്‍ 25ന് വൈകുന്നേരം 4.30ന് മക്കളെ സ്‌കൂളില്‍ നിന്നും വീട്ടില്‍കൊണ്ടു വിട്ടശേഷം സ്വന്തം കാറുമായി പുറത്തേയ്ക്കിറങ്ങിയ ഇദ്ദേഹം പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഏറെ വൈകിയും കാണാതെ വന്നതോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും നടത്തിയ തെരച്ചിലില്‍ പള്ളികവലയ്ക്കു സമീപം ഉപേഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. പിതാവ് മടങ്ങിവരുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ഭാര്യ എല്‍സിയും മക്കളായ നൈസി, ലൈജി, ചിന്നു എന്നിവരടങ്ങിയ നിര്‍ധന കുടുംബം.
കഴിഞ്ഞ നാലിന് മാത്യുവിന്റെ മൂത്തമകള്‍ നൈസിയെ കാണാനായി പിതാവിന്റെ സുഹൃത്തും കള്ളനോട്ടുകേസില്‍ പ്രതിയുമായിരുന്ന അനീഷിന്റെ പിതാവ് വീട്ടിലെത്തി.
മാത്യുവിന്റെ തിരോധാനം കൊലപാതകമാണെന്ന് ഇയാളാണ് നൈസിയോട് വെളിപ്പെടുത്തിയത്. സമീപകാലത്ത് തലയോലപ്പറമ്പില്‍ കള്ളനോട്ടുകേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന അനീഷും ഇയാളുടെ പഴയകാലത്തെ ചില സുഹൃത്തുക്കള്‍ക്കും ബന്ധമുള്ളതായും പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ നൈസി തലയോലപ്പറമ്പ് പൊലീസില്‍ വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെന്നു സംശയിക്കുന്ന അനീഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
അനീഷ് പള്ളികവലയ്ക്കു സമീപം സ്റ്റിക്കര്‍വര്‍ക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേയ്ക്ക് മാത്യുവിനെ വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി കടയുടെ പിന്നില്‍ കുഴിച്ചുമൂടിതായാണ് അനീഷ് പൊലീസിനു നല്‍കിയ മൊഴി.