ആലപ്പുഴ: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണം എന്ന് ജനം ആഗ്രഹിക്കുന്നുവെന്നും എല്‍ഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും പിണറായി അവകാശപ്പെടുന്നു.
കോണ്‍ഗ്രസ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണെന്നും നേതാക്കള്‍ വലിയ രീതിയില്‍ ബിജെപിയിലേക്ക് പോകുന്നുവെന്നും പറഞ്ഞ പിണറായി കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാര്‍ട്ടി വിട്ടത് സ്ത്രീ വിരുദ്ധത പറഞ്ഞാണെന്നും ആരോപിച്ചു. ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഇറങ്ങി പോയത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ആണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
എന്‍എസ്എസിന് വിമര്‍ശിക്കേണ്ട ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് പിണറായിയുടെ നിലപാട്. വസ്തുതകള്‍ ഇല്ലാത്ത വിമര്‍ശനം ജനങ്ങള്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു. എന്‍എസ്എസിന്റെ നിലപാട് എല്ലാ കാലത്തും സമദൂരം ആണെന്നും ചിലപ്പോള്‍ ശരി ദൂരം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വസ്തുത വിരുദ്ധം ആണെങ്കില്‍ ഏത് വിഭാഗം ആണോ മനസ്സിലാക്കേണ്ടത് അവര്‍ മനസിലാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.