തിരുവനന്തപുരം: അടൂര്‍ പൊലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട് നല്‍കി കമാന്‍ഡന്റ്. കാന്റീനിലേക്ക് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും പരിശോധനയില്‍ കണ്ടെത്തി. 2018-19 വര്‍ഷത്തെ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഗുരുതര ക്രമക്കേടില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
പൊലീസുകാരന്റെ ബന്ധുവെന്ന വ്യാജേന കരാര്‍ ജോലിക്ക് കയറിയ ആള്‍ കമ്പനികളില്‍ നിന്ന് പ്രതിഫലം പറ്റി. ഇയാള്‍ ഉള്‍പ്പെടെ ജോലിക്ക് കയറുന്ന നിരവധി പേര്‍ക്ക് പൊലീസ് ക്ലിയറന്‍സ് ഇല്ല. ഇക്കാര്യങ്ങളില്‍ പരിശോധന വേണം. പൊലീസിന് പുറത്തു നിന്നുള്ള ഒരു സംഘം ഇത് പരിശോധിക്കണമെന്നും എ.ജി പോലുള്ള ഏജന്‍സി ഓഡിറ്റ് നടത്തണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നു.