തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവർക്ക് ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയെന്നാണ് വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച രേഖകൾ പുറത്തുവന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ക്രമക്കേട് വ്യക്തമാക്കുന്നത്. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്. ജോസഫ് സ്‌കറിയ എന്നയാൾക്കാണ് ഏറ്റവും കൂടുതൽ പോയിന്റ്. രേഖകൾ സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
വിവാദങ്ങൾക്കിടെ പ്രിയയുടെ ഡെപ്യൂട്ടേഷൻ സംസ്ഥാന സർക്കാർ നീട്ടിയിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് ഒരു വർഷത്തേക്കാണ് നീട്ടിയത്. കേരള വർമ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രിയ. കഴിഞ്ഞ ജൂൺ 27നാണ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തിൽ നേരത്തെ തന്നെ പരാതി ഉയർന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സർവകലാശാലാ സിൻഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നൽകിയത്.