കൊച്ചി : വാക്കു പാലിക്കാതെ, യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വേയുടെ അനാസ്ഥകള്‍ തുടരുന്നു
റെയില്‍വേമന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദേശപ്രകാരം നവംബര്‍ ഒന്നു മുതല്‍ പുതുക്കിയ സമയപട്ടിക റെയില്‍വേ പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ചു മിനിറ്റു മുതല്‍, രണ്ടു മണിക്കൂര്‍ വരെ സമയലാഭത്തോടെ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്നും, അധിക സമയം ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടില്ലെന്നുമായിരുന്നു.
എന്നാല്‍ ഈ വാക്കുകളൊന്നും പാലിക്കാതെ റെയില്‍വേ വീണ്ടും ജനങ്ങളെ വലയ്ക്കുകയാണ്.
എറണാകുളത്ത്, സമയക്രമം പാലിക്കാതെ തോന്നിയ സമയത്ത് എത്തുന്ന ട്രെയിന്‍ സര്‍വ്വീസുകൾ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിയാളുകളെയാണ് വലയ്ക്കുന്നത്.
എറണാകുളത്തു നിന്ന് 5.15 നു പോകേണ്ട ട്രെയിന്‍ 6.30നും , 6.30ന് പോകേണ്ട ട്രെയിന്‍ 7.15 നുമൊക്കെയാണ് യാത്ര ആരംഭിക്കുന്നത്.
ഇത്തരത്തിലുള്ള റെയില്‍വേയുടെ നിലപാടുകള്‍ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
കൂടാതെ, എറണാകുളം സ്റ്റഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമില്‍ 6 മണിയ്ക്കു ശേഷം ലൈറ്റ് ഇടാറില്ലെന്നും, യഥാക്രമം ട്രെയിനുകളിലെ ലൈറ്റുകളും, ഫാനുകളും പ്രവര്‍ത്തിക്കാറില്ലെന്നും യാത്രക്കാര്‍ പറയുന്നു.
ഇതിനെതിരെ പരാതി കൊടുത്തപ്പോള്‍ ബാറ്ററി പ്രവര്‍ത്തിക്കുന്നില്ലെന്ന ന്യായീകരണമാണ് റെയില്‍വേ നല്‍കിയത്.
റിപ്പോര്‍ട്ട് : ജ്യോതിലക്ഷ്മി മോഹന്‍