തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന എസ്എംഎ ക്ലിനിക് ( സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ) എസ്എടി ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് തളര്‍ച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി കഷ്ടപ്പെടുന്ന കുട്ടികളുടെ ചികിത്സയ്ക്കായാണ് പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത്.
സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കായി സര്‍ക്കാര്‍ മേഖയയില്‍ ചികിത്സാ സംവിധാനമൊരുക്കണമെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശമാണ് എസ്എടി ആശുപത്രിയില്‍ പ്രാവര്‍ത്തികമായിരിക്കുന്നത്. ഇത്തരം രോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്കൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ജനിതക പരിശോധനയിലൂടെയും കൗണ്‍സലിംഗിലൂടെയും തുടര്‍ന്ന് ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ഈ രോഗം വരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ക്ലിനിക്ക് ലക്ഷ്യമിടുന്നു.
ക്ലിനിക്കില്‍ പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക്സ്, ജെനറ്റിക്സ്, റെസ്പിറേറ്ററി മെഡിസിന്‍, ഫിസിക്കല്‍ & റീഹാബിലിറ്റേറ്റീവ് മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ലഭ്യമായിരിക്കും. തിങ്കളാഴ്ച രാവിലെ 10.30 ന് പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.