താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂർത്ത്?: വിമർശനവുമായി യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂർത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

”ലോകത്ത് എന്തു പ്രശ്നങ്ങൾ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് ഇവിടെ കേരളത്തിൽ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോൾ പല പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു”- യൂസഫലി പറഞ്ഞു.

Top