ചെന്നിത്തലയുടെ കേരളയാത്ര, ഗ്രൂപ്പ് പോരിൽ തട്ടി തവിട് പൊടിയാകുമോ ?

മേശ് ചെന്നിത്തലയുടെ കേരളയാത്രയെ ചൊല്ലി യു.ഡി.എഫിലും രൂക്ഷമായ ഭിന്നത. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയെ പ്രചരണ വിഭാഗം തലവനാക്കണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളും ചെന്നിത്തലയുടെ കേരളയാത്രക്ക് എതിരാണ്. പരസ്യമായ അഭിപ്രായ പ്രകടനത്തിന് മുന്‍പായി ചില എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം തന്നെ ഹൈക്കമാന്റിനെയും അതൃപ്തി അറിയിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെന്നിത്തലയെ ചങ്കിടിപ്പിച്ച നീക്കം കൂടിയായിരുന്നു ഇത്.

ഉമ്മന്‍ചാണ്ടി പ്രചരണ ചുമതല ഏറ്റെടുത്താല്‍ താന്‍ ഔട്ടായി പോകുമെന്ന ഭയവും ചെന്നിത്തലക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തിരക്കിട്ട് കേരള യാത്രക്കായി ചെന്നിത്തല തന്നെ മുന്നിട്ടിറങ്ങിയിരുന്നത്. പ്രതിപക്ഷ നേതാവായതിനാല്‍ ഘടക കക്ഷികള്‍ക്കും യു.ഡി.എഫ്.യോഗത്തില്‍ മറിച്ചൊരു അഭിപ്രായം പറയാന്‍ സാധിച്ചിരുന്നില്ല. അതിനുള്ള അവസരം ചെന്നിത്തലയായിട്ട് അവര്‍ക്ക് നല്‍കിയതുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം വലിയ ജനശ്രദ്ധ ആകര്‍ഷിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവും ഒരു യാത്ര നടത്തട്ടെ എന്ന നിലപാടാണ് എ.ഐ.സി.സിയും സ്വീകരിച്ചിരുന്നത്. ഇതും ചെന്നിത്തലക്ക് ഗുണമായി മാറുകയാണുണ്ടായത്.

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി ഒന്നിനാണ് തുടങ്ങുന്നത്. കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും എത്തപ്പെടും. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയില്‍ പങ്കെടുക്കുമെന്നാണ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. അതേസമയം ചെന്നിത്തല കേരള യാത്ര നടത്തുന്നതില്‍ ശക്തമായ എതിര്‍പ്പ് യു.ഡി.എഫ് അണികളിലും ഇപ്പോള്‍ ശക്തമായിട്ടുണ്ട്. നേതൃമാറ്റം എന്ന പ്രതീക്ഷയുടെ മുന ഒടിക്കുന്നതാണ് ഈ നീക്കമാണിതെന്നാണ് അവര്‍ക്കിടയിലെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെന്നിത്തല വ്യാപക പര്യടനം നടത്തിയിട്ടുണ്ട്. എന്നിട്ടും വലിയ തോല്‍വിയാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്.

എന്നാല്‍ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് മുഖ്യമന്ത്രി പ്രചരണ രംഗത്ത് സജീവമായിരുന്നില്ല. എന്നിട്ടും തകര്‍പ്പന്‍ വിജയമാണ് ഇടതുപക്ഷം നേടിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വിധിക്ക് മുന്‍പ് തന്നെ വന്‍ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതും പിണറായി തന്നെയാണ്. ആരോപണ ശരങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ അണികള്‍ പോലും ഇത്രയും വലിയ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. സര്‍ക്കാറിന്റെ വികസന പദ്ധതികളും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഇടതുപക്ഷത്തെ തുണച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാപരമായ കരുത്തും ഇടതു വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫിന്റെ അവസ്ഥ അതല്ല. സംഘടനാപരമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്.

ജോസഫ് ഗ്രൂപ്പിന്റെ സ്ഥിതിയും ദയനീയമാണ്. ജോസ് കെ മാണി വിഭാഗം ശക്തി തെളിയിച്ചതോടെ ഇടതുപക്ഷത്തിന്റെ കരുത്താണ് വര്‍ദ്ധിച്ചിരിക്കുന്നത്. യു.ഡി.എഫില്‍ മുസ്ലീം ലീഗിന് മാത്രമാണ് സംഘടനാ സംവിധാനം ശക്തമായിട്ടുള്ളത്. യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളിയും ഈ പോരായ്മകളാണ്. സര്‍ക്കാറിനെതിരെ ഉയര്‍ത്തി കൊണ്ടുവരാന്‍ അവര്‍ക്ക് മുന്നില്‍ പുതിയ വിഷയങ്ങളുമില്ല. ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തന്നെയാണ് തിരിച്ചടിച്ചത്. ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരവിട്ട ഹൈക്കോടതി പോലും പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ ഇനി ഈ അന്വേഷണം ഉയര്‍ത്തിയും പ്രതിപക്ഷത്തിന് സര്‍ക്കാറിനെ കടന്നാക്രമിക്കാന്‍ കഴിയുകയില്ല. പുതിയ മാര്‍ഗ്ഗം ചെന്നിത്തലയും കണ്ടെത്തുക തന്നെ വേണം. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന് മുന്നോടിയായി മുഖ്യമന്ത്രി നടത്തിയ കേരള പര്യടനത്തില്‍ സമൂഹത്തിലെ പ്രമുഖരുമായി നേരിട്ടുള്ളൊരു കൂടിക്കാഴ്ച തന്നെ നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ഇതിന് സമാനമായ നീക്കങ്ങളാണ് ചെന്നിത്തലയും കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്. അതായത് ഒരു കോപ്പിയടി തന്ത്രം തന്നെയാണിത്. കേരള യാത്രയിലൂടെ തന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ, ‘എ’ ഗ്രൂപ്പും ‘ഐ’ യിലെ വിമതരും കേരള യാത്ര പൊളിക്കുമോ എന്ന ആശങ്കയും ചെന്നിത്തല വിഭാഗത്തില്‍ ശക്തമാണ്.

ഒരു കാരണവശാലും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ‘എ’ വിഭാഗം കോണ്‍ഗ്രസ്സുകാര്‍. ഉമ്മന്‍ ചാണ്ടി തന്നെ വരണമെന്ന നിലപാടിലാണ് അവര്‍ ഉറച്ച് നില്‍ക്കുന്നത്. മുസ്ലീം ലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടിയോട് തന്നെയാണ് താല്‍പ്പര്യം. ചെന്നിത്തലയെ മുന്‍ നിര്‍ത്തിയാല്‍ പണി ‘പാളുമെന്ന’ മുന്നറിയിപ്പാണ് ഈ പാര്‍ട്ടികളുടെ കീഴ്ഘടകങ്ങളും നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. കേരള യാത്ര പരാജയമായാല്‍ അത് ചെന്നിത്തലയെ സംബന്ധിച്ച് വലിയ തിരിച്ചടിയായാണ് മാറുക.

ഭരണ തുടര്‍ച്ച ഇടതുപക്ഷത്തിന് ലഭിക്കാതിരിക്കാന്‍ ശക്തനായ എതിരാളിയെയാണ് പിണറായിക്ക് ‘ബദല്‍’ വേണ്ടതെന്ന നിലപാടാണ് ഹൈക്കമാന്റിനും ഉള്ളത്. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടാന്‍ അവരും തല്‍ക്കാലം തയ്യാറല്ല. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്ന് നയിക്കുമെന്ന് മാത്രമാണ് ഹൈക്കമാന്റ് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് തന്നെയാണ് യു.ഡി.എഫ് അണികളെയും ആശയ കുഴപ്പത്തിലാക്കുന്നത്.

സ്ഥാന മോഹത്താല്‍ പരസ്പരം പാലം വലിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയാല്‍ ആദ്യം വീഴുക ചെന്നിത്തലയായിരിക്കും. ഹരിപ്പാട് മണ്ഡലത്തിലെ നിലവിലെ കണക്കുകള്‍ ചെന്നിത്തലയുടെ പ്രതീക്ഷകള്‍ക്ക് എതിരാണ്. ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ചെന്നിത്തലക്ക് എതിരായി മത്സരിപ്പിക്കാനാണ് ഇടതുപക്ഷവും തീരുമാനിച്ചിരിക്കുന്നത്. ‘കണക്കുകള്‍’ ഹരിപ്പാട് തന്നെ തീര്‍ക്കാനാണ് ചെമ്പടയുടെ നീക്കം.

Top