ഗാന്ധിനഗര്‍: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു പേരെ അറസ്റ്റുചെയ്തു.
വസിം, അതീം എന്നിവരെ തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. രാജ്‌കോട്ടിലെ നഹേരുനഗര്‍ സ്വദേശികളായ സഹോദരങ്ങളാണ് അറസ്റ്റിലായവര്‍.
അറസ്റ്റിലായ രണ്ടുപേരും ചേര്‍ന്ന് സൗരാഷ്ട്രയിലെ ക്ഷേത്രത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും ക്രൈം ബ്രാഞ്ച് മേധാവി ഐകെ ഭട്ട് വ്യക്തമാക്കി.
ഇവരില്‍നിന്ന് ബോംബ് നിര്‍മാണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കളും മുഖംമൂടികളും കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം കേരളത്തില്‍നിന്നുള്ളയാളെ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.