ന്യൂഡല്‍ഹി: കണ്ണൂരില്‍ ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ഇന്നലെ ദില്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യയില്‍ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തിയെന്ന കേസില്‍ പിടിയിലായ യുവതികള്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുന്നു.
കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയില്‍ ഇറാനിലെ ടെഹ്‌റാന്‍ വരെ എത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. മുഷാബ് അന്‍വര്‍, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികള്‍ക്ക് ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചു നല്‍കി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എന്‍ഐഎ പറയുന്നു.
ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരില്‍ പോകാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ എഫ്ആആറില്‍ പറയുന്നുണ്ട്. ദില്ലിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ഇന്ന് അതിരാവിലെ രഹസ്യമായാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ വാങ്ങി.