ആഗോള വളര്‍ച്ചയെ തടഞ്ഞത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ?ഗീതയുടെ കണക്ക് തെറ്റിയോ?

ന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയാണ് ആഗോള വളര്‍ച്ചയുടെ വേഗത കുറച്ചതെന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിവാദ പരാമര്‍ശം തള്ളി ഇന്ത്യന്‍ സമ്പദ് വിദഗ്ധര്‍. ദാവോസില്‍ ലോക സാമ്പത്തിക ഫോറം നടക്കവെയാണ് ആഗോള വളര്‍ച്ച കുറയ്ക്കുന്നതിന് പ്രധാന കാരണം ഇന്ത്യയാണെന്ന് ഐഎംഎഫ് ചീഫ് എക്‌സിക്യൂട്ടീവ് ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നത്.

ആഗോള പ്രവചനങ്ങളെ ഇന്ത്യയുടെ സാമ്പത്തിക വേഗതക്കുറവ് എത്രത്തോളം ബാധിച്ചെന്ന ചോദ്യത്തിന് ‘സാധാരണ കണക്കുകൂട്ടലില്‍ 80 ശതമാനത്തില്‍ ഏറെ’ എന്നാണ് ഗീതാ ഗോപിനാഥ് നല്‍കിയ മറുപടി. എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്. ഇന്ത്യയല്ല അമേരിക്കയും, ചൈനയുമാണ് ആഗോള സാമ്പത്തിക മേഖലയുടെ മാന്ദ്യത്തിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധനായ ആകാശ് ജിന്‍ഡാല്‍ പറഞ്ഞു.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎസ്, ചൈന വ്യാപാര യുദ്ധം ലോകത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയെ കുറ്റം പറയുന്നത് തെറ്റാണ്. ഇന്ത്യയുടെ ആഗോള വ്യാപാരത്തെ യുഎസും, ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെന്ന് കാണാം, ഇങ്ങനെ ഉള്ളപ്പോള്‍ എങ്ങിനെയാണ് ഇന്ത്യ ആഗോള ജിഡിപിയെ ബാധിക്കുന്നത്’, ആകാശ് ജിന്‍ഡാല്‍ ചോദിക്കുന്നു.

ആഗോള വ്യാപാരത്തിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ജിഡിപിയെ ആണ് ബാധിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് ഇന്ത്യ റിസേര്‍ച്ച് & റേറ്റിംഗ്‌സിലെ സുനില്‍ സിന്‍ഹ ചൂണ്ടിക്കാണിച്ചു. ‘ആഗോള തലത്തില്‍ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്, ഇന്ത്യയും ഇതിന്റെ ബുദ്ധിമുട്ട് നേരിടുന്നു. ലോക ജിഡിപി കുറഞ്ഞതിന് ഇന്ത്യയെ കുറ്റം പറയാന്‍ കഴിയില്ല’, സിന്‍ഹ പറഞ്ഞു.

ഐഎംഎഫ് പറയുന്ന തരത്തില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇന്ത്യക്ക് ഒറ്റയ്ക്ക് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് & പോളിസി പ്രൊഫസര്‍ എന്‍ആര്‍ ബാനുമതിയും വ്യക്തമാക്കി.

Top