കൊച്ചി: ഹൈക്കോടതി ജഡ്ജി സി.ഐയെ ഭീഷണിപ്പെടുത്തി ‘പിടിച്ചു’ നിര്‍ത്തിയപ്പോള്‍ ഐ.ജി പോയി കൂട്ടികൊണ്ടുവന്നത്രെ.
സാമാന്യ യുക്തിക്കു നിരക്കാത്ത വാദങ്ങള്‍ വാര്‍ത്തയായി വരുന്നത് കണ്ട് പൊട്ടി ചിരിക്കുകയാണ് ഹൈക്കോടതിയിലെ അഭിഭാഷകര്‍.
സിനിമ കമ്പക്കാരനായ ഐ.ജി ശ്രീജിത്ത് സിനിമയില്‍ പോലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ ധൈര്യപ്പെടില്ലന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) ല്‍ വസ്തുതട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായി (സി.സി.നം.695/2008) കേസില്‍ വിചാരണ നേരിടുന്ന ഐ.ജിക്ക് കോടതിയെന്ന് കേട്ടാല്‍ തന്നെ മുട്ടിടിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല ഐ.ജി ശ്രീജിത്ത് സ്ഥലം മാറി പോയി നിരവധി മാസങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ ഇങ്ങിനെയൊരു വാര്‍ത്ത ‘പടച്ചു’വിടുന്നതിനു പിന്നിലും ദുരൂഹത ഉണ്ടെന്നാണ് ആക്ഷേപം.
ചരിത്രത്തില്‍ ഇന്നുവരെ കേരളത്തിലെ ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് തെറ്റായ വാര്‍ത്ത നല്‍കി കോടതിയെ അപമാനിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ശ്രമിക്കുകയാണോ എന്ന് സംശയമുണ്ടെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.
സിഐയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പിഴവ് കണ്ടാല്‍ ജഡ്ജി സി.ഐയെ മാത്രമല്ല ഐജിയേയും പിന്നീട് വിളിച്ച് വരുത്തിയിട്ടുണ്ടാകാമെന്നും തിരിച്ച് പോകുമ്പോള്‍ ഒരുമിച്ച് പോയതിനെ കൂടെ കൂട്ടി കൊണ്ടുപോയതായും മോചിപ്പിച്ചതായുമെല്ലാം ചിത്രീകരിക്കുന്നത് അല്‍പത്തരവും ഗൗരവകരമായി പരിശോധിക്കപ്പെടേണ്ടതുമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി മാവേലിക്കര സിഐയെ ഭീഷണിപ്പെടുത്തിയതായാണ് വാര്‍ത്ത പ്രചരിക്കുന്നത്. നിരവധി മാസങ്ങള്‍ക്ക് മുമ്പ് നടന്നതായി പറയപ്പെടുന്ന സംഭവം ഇപ്പോഴാണ് വാര്‍ത്തയാകുന്നത്.
ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെ മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസില്‍ നിന്നൊഴിവാക്കാന്‍ പി.ഡി.രാജന്‍ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐ പറയുന്നത്.
സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് രണ്ട് മാസം മുന്‍പ് ശ്രീകുമാര്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലത്രേ.
മാവേലിക്കര എസ്.ഐ അന്വേഷിക്കുന്ന കേസില്‍ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണ് തനിക്ക് ആദ്യം കോള്‍ വരുന്നതെന്ന് പി.ശ്രീകുമാറിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം അനുസരിക്കാന്‍ പോലീസ് തയ്യാറായില്ല.
പിന്നീട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി പിഡി രാജനെ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇപ്രകാരം ഹൈക്കോടതിയിലെത്തിയ സിഐ സുമന്‍ ചക്രവര്‍ത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്നും, തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നതെന്നും ജഡ്ജി ചോദിച്ചതത്രേ.
തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്‌തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. ദീര്‍ഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവില്‍ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനില്‍ക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
പുറത്തു വന്ന സിഐ സംഭവങ്ങള്‍ ആലപ്പുഴ എസ്.പി എ.അക്ബറിനെ വിളിച്ചു പറഞ്ഞു. എസ്.പി ഇക്കാര്യങ്ങള്‍ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടര്‍ന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നുവെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
അതേസമയം സ്വന്തം വീഴ്ചയില്‍ നടപടി ഭയന്ന് മുന്‍കൂട്ടി ഹൈക്കോടതി ജഡ്ജിക്കെതിരെ സിഐ പരാതി നല്‍കുകയായിരുന്നുവെന്ന സംശയം ഇപ്പോള്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
നീതി ലഭിക്കേണ്ടയാള്‍ ഹൈക്കോടതി ജഡ്ജിയുടെ സഹോദരനായാലും സാധാരണക്കാരനായാലും നീതി ലഭിക്കേണ്ടത് തന്നെയാണെന്നാണ് അവരുടെ അഭിപ്രായം.