ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ റഷ്യ സ്വീകരിച്ച നിലപാട് ചൈനയെ വെട്ടിലാക്കുന്നു.
അമേരിക്ക ഇന്ത്യക്ക് അനുകൂലമാണ് എന്നത് കൊണ്ട് മാത്രം ഇടപെടാതിരിക്കില്ലന്നാണ് ചൈനക്ക് റഷ്യ നല്‍കിയിരിക്കുന്ന സന്ദേശം.
റഷ്യയുടെ ഈ ഇടപെടല്‍ മൂലമാണ് പിടികൂടിയ ഇന്ത്യന്‍ സൈനികരെ വിട്ടു നല്‍കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഒരു ലഫ്.കേണലും മൂന്ന് മേജര്‍മാരുമടക്കം 10 സൈനികരെ ഗല്‍വാനില്‍ നിന്നും ചൈന പിടികൂടിയതായാണ് ‘ദ ഹിന്ദു ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെയാണിപ്പോള്‍ നിരുപാധികം വിട്ടു നല്‍കിയിരിക്കുന്നത്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 20 ഇന്ത്യന്‍ സൈനികരാണ്.76 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈനീസ് ഭാഗത്തെ നഷ്ടം ഇതിലും ഇരട്ടിയാണ്. എത്ര സൈനികര്‍ കൊല്ലപ്പെട്ടന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ആ രാജ്യം. കൂടുതല്‍ നാശം തങ്ങളുടെ ഭാഗത്ത് നിന്നാണ് എന്ന് ലോകം അറിയാന്‍ ചൈന ആഗ്രഹിക്കുന്നില്ല.
അതേസമയം 35നും 50 നും ഇടയില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ വിലയിരുത്തല്‍. ചൈനയുടെ ഭാഗത്ത് മരണസംഖ്യ 100 കടന്നാലും അത്ഭുതപ്പെടേണ്ടതില്ലന്നാണ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. സംഘര്‍ഷം നടന്ന പ്രദേശത്തിന്റെ ഘടനയും കാലാവസ്ഥയും ഇന്ത്യന്‍ സൈന്യത്തിന് അനുകൂലമാണെന്നും റഷ്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്.
ആയുധ ശക്തിയില്‍ ചൈനക്കാണ് മേധാവിത്വമെങ്കിലും തന്ത്രങ്ങളില്‍ മുന്നില്‍ ഇന്ത്യ തന്നെയാണ്. യുദ്ധം ചെയ്ത പരിചയവും ഇന്ത്യന്‍ സേനയുടെ കരുത്താണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സൈനിക ശക്തിയിലും ആയുധ ശക്തിയിലും ഇന്ത്യ ഏറെ മുന്നോട്ട് പോയിട്ടുമുണ്ട്.
മാത്രമല്ല, കോവിഡ് വ്യാപനത്തോടെ ലോകം തന്നെ നിലവില്‍ ചൈനക്ക് എതിരുമാണ്. ഈ സാഹചര്യങ്ങള്‍ കൂടി
പരിഗണിച്ചാണ് ചൈന ഇന്ത്യയുമായി യുദ്ധമിപ്പോള്‍ ആഗ്രഹിക്കാതിരിക്കുന്നത്.
അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ ഇസ്രയേല്‍, ആസ്‌ട്രേലിയ തുടങ്ങി ചൈനയുമായി അതിര്‍ത്തി തര്‍ക്കങ്ങളുള്ള രാജ്യങ്ങള്‍ വരെ ഇന്ത്യക്ക് നിലവില്‍ കട്ട സപ്പോട്ടാണ്. ചൈനീസ് മേഖലയിലെ അമേരിക്കന്‍ നേവിയുടെ പെട്രോളിങ്ങും ചൈനയുടെ ഉറക്കം കെടുത്തുന്നതാണ്.
ഇന്ത്യയുമായി യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ എല്ലാ ഭാഗത്ത് നിന്നും ചൈനക്കെതിരായ നീക്കത്തിനാണ് സാധ്യത.
ഇത്തരം സാഹചര്യത്തില്‍ ചൈന ഒപ്പം പ്രതീക്ഷിക്കുന്ന റഷ്യയാണ് ഇപ്പോള്‍ അവരെ തഴഞ്ഞിരിക്കുന്നത്. ഇന്ത്യക്കെതിരായ ഒരു നീക്കത്തെയും പിന്തുണയ്ക്കാന്‍ കഴിയില്ലന്നതാണ് റഷ്യന്‍ സൈന്യത്തിന്റെയും നിലപാട്
അതേ സമയം,സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിനു പുറമേ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍പ്രദേശ്, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.
അതിര്‍ത്തിയില്‍ ഏതു നിമിഷവും അണിനിരത്താന്‍ കഴിയും വിധം, സൈന്യവും മറ്റു സന്നാഹങ്ങളും സജ്ജമാണ്. കരസേനയ്ക്കു പിന്തുണയുമായി പടിഞ്ഞാറ്, കിഴക്ക് വ്യോമസേനാ കമാന്‍ഡുകള്‍ക്കു കീഴിലുള്ള യുദ്ധവിമാനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ചൈന, പാക്ക് ഭീഷണികള്‍ നിലനില്‍ക്കുന്ന ലഡാക്ക്, കശ്മീര്‍ അതിര്‍ത്തികളില്‍, വ്യോമസുരക്ഷയും അതിശക്തമാണ്.
ആക്രമിച്ചാല്‍ ചൈനക്ക് വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.പ്രധാനമന്ത്രി മോദി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും സ്ഥിതിഗതികള്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. പ്രകോപനമുണ്ടാക്കിയത് ചൈനയാണെന്നതിന്റെ തെളിവും ഹാജരാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡിനെതിരെ ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത്, പരസ്പരം ഏറ്റുമുട്ടലിലേക്ക് പോകരുതെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനയെ സംബന്ധിച്ച് റഷ്യയുടെ ഈ നിലപാടിനെ തള്ളിക്കളയാന്‍ കഴിയുന്നതല്ല.
അമേരിക്കന്‍ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍, ചൈനക്ക് റഷ്യയുടെ സഹായം അനിവാര്യമാണ്. അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ ഒരുമിച്ചാണ്, ഇരു രാജ്യങ്ങളും നിലപാട് സ്വീകരിച്ചു വരുന്നത്. ഉത്തര കൊറിയ – അമേരിക്ക സംഘര്‍ഷത്തിലും, ഇറാന്‍ വിഷയത്തിലും, ഈ നിലപാട് വ്യക്തമായിരുന്നു. കോവിഡ് കാലം കഴിഞ്ഞാല്‍, വരാന്‍ പോകുന്ന ഉപരോധത്തില്‍ നിന്നും രക്ഷപ്പെടാനും, ചൈനക്ക് റഷ്യയുടെ സഹായം അനിവാര്യമാണ്.
ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍, ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ബന്ധമാണ് റഷ്യയുമായിട്ടുള്ളത്.
പണ്ട്, ഇന്ത്യ – പാക്ക് യുദ്ധകാലത്തെ സഹായം മുതല്‍ തുടങ്ങിയ കെട്ടുറപ്പാണിത്. പാക്ക് സൈന്യത്തെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ പടക്കപ്പലുകളെ, തടഞ്ഞ് തിരിച്ചയച്ചിരുന്നതും, റഷ്യന്‍ നാവികസേനയാണ്.
ഇന്ത്യയുടെ സൈനിക ശക്തിയും റഷ്യന്‍ കരുത്തിനെ ആശ്രയിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവിലായി റഷ്യയുമായി കരാറായത്, എസ് 400 ട്രയംഫിന്റെ കാര്യത്തിലാണ്.
ഇന്ന് ലോകത്ത് ലഭിക്കാവുന്നതില്‍, ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണിത്. അമേരിക്കന്‍ ഉപരോധ ഭീഷണിയെ തളളിയാണ് ഈ ആയുധ ഇടപാടുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.
ഇന്ത്യക്ക് ആധുനിക ആയുധങ്ങള്‍ നല്‍കുന്ന കാര്യത്തില്‍, ഒരിക്കലും റഷ്യ പിശുക്ക് കാട്ടിയിട്ടില്ല. റഷ്യന്‍ സൈന്യത്തിനും വൈകാരികമായ ഒരടുപ്പം ഇന്ത്യന്‍ സൈന്യത്തോടുമുണ്ട്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്ന രണ്ട് രാജ്യങ്ങള്‍ പാക്കിസ്ഥാനും ചൈനയുമാണ്.
ഇന്ത്യയുമായി ഏതെങ്കിലും രാജ്യം ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാല്‍, റഷ്യ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് തന്നെയാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ, ഇന്ത്യയെ ലക്ഷ്യമിട്ടാണ് അമേരിക്കയും നിലവില്‍ കരുക്കള്‍ നീക്കുന്നത്.
ഇന്ത്യയുമായി വലിയ സൗഹൃദമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തെറിച്ചാലും, ഇക്കാര്യത്തില്‍ ഇനി മാറ്റമുണ്ടാകില്ല. ഇന്ത്യയെ ഒപ്പം നിര്‍ത്തിയാല്‍, ചൈനയെ വരുതിയിലാക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് അമേരിക്ക. റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പത്തില്‍ നുഴഞ്ഞ് കയറി വിള്ളലുണ്ടാക്കാനും, ആ രാജ്യം ശരിക്കും ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍ അമേരിക്കയെ ഒരു പരിധിക്കപ്പുറം അടുപ്പിക്കാത്ത നിലപാട് തന്നെയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങള്‍ തള്ളിയതും ഇതിന്റെ ഭാഗമാണ്. ആപത്ഘട്ടത്തിലും, വിശ്വസ്ത പങ്കാളിയായി ഇന്ത്യ നോക്കി കാണുന്നത് റഷ്യയെയാണ്. ആ സ്ഥാനത്ത് മറ്റൊരു രാജ്യത്തെ പ്രതിഷ്ഠിക്കാന്‍ സൈന്യവും ഒട്ടും ആഗ്രഹിക്കുന്നില്ല.
ബദ്ധശത്രുക്കളായ അമേരിക്കയെയും റഷ്യയെയും, ഒപ്പം നിര്‍ത്താന്‍ കഴിയുന്നതാണ് ഇന്ത്യയുടെ വിജയം.
ഈ രാജ്യങ്ങള്‍ ഉള്‍പ്പെടെ, ലോകത്തെ ബഹു ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണയ്ക്കുന്നതും, ഇന്ത്യയുടെ നിലപാടിനെയാണ്.
സൈനിക രംഗത്തും ടെക്നോളജിയിലും വമ്പന്‍മാരായ ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മ്മനി, ജപ്പാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ഫ്രാന്‍സില്‍ നിന്നും റഫേല്‍ വിമാനങ്ങളുടെ അടുത്ത ബാച്ച് കൂടി എത്തുന്നതോടെ, അതിര്‍ത്തിയില്‍ ഇന്ത്യയുടെ ആത്മവിശ്വാസമാണ് ഇനി വര്‍ദ്ധിക്കുക.
Staff Reporter