ഇന്ത്യന്‍ മിസൈലുകള്‍ രാജ്പതില്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമോ?പാക്കിസ്ഥാന് മറുപടി നല്‍കണം; ശിവസേന

army

ഡല്‍ഹി: നിയന്ത്രണ രേഖയില്‍ പാക്ക് പ്രകോപനം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റൗട്ട്. ഇന്ത്യയുടെ മിസൈലുകള്‍ രാജ്പതില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമാണോ നിര്‍മ്മിച്ചിരിക്കുന്നതെന്നായിരുന്നു റൗട്ടിന്റെ വിമര്‍ശനം.

നമ്മുടെ ജവാന്‍മാരുടെ നേര്‍ക്ക് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണമാണ് നടത്തിയത്. നമുക്ക് മിസൈലുകല്‍ രാജ്പതിലും റിപ്പബ്ലിക് ദിനത്തിലും പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ, അതിര്‍ത്തിലംഘനത്തിനപ്പുറം ഇത് നേരിട്ടുള്ള യുദ്ധമാണ്, മറുപടി അതേ നാണയത്തില്‍ കൊടുക്കണമെന്ന് റൗട്ട് ചൂണ്ടിക്കാട്ടി.

നേരത്തെ, ജമ്മു കാശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പൂഞ്ച് രാജൗരി മേഖലകളിലെ നിയന്ത്രണ മേഖലയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയത്.

പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ 15 വയസുകാരിക്കും സൈനികനും പരിക്കേറ്റിരുന്നു.

സാംബ സെക്ടറില്‍ അതിര്‍ത്തി രക്ഷാസേന പാക്ക് സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തിരുന്നു. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് പാക്ക് സൈന്യം വെടിവെപ്പ് നടത്തിയത്.

കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.

ജനുവരി 18നും, 22നും ഇടയില്‍ ജമ്മുവിലുണ്ടായ ആക്രമണങ്ങളില്‍ ഏഴ് പ്രദേശവാസികളും ആറ് സൈനികരുമുള്‍പ്പടെ 13 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ കണക്കിലെടുത്ത് ജനുവരി 21 മുതല്‍ 28 വരെ രാജൗരി, പൂഞ്ച്, ജമ്മു, സാമ്ബ, കത്വ ജില്ലകളിലെ 300 ഓളം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലുള്ള നൂറുകണക്കിനാളുകള്‍ കൃഷിയും മൃഗങ്ങളെയും ഉപേക്ഷിച്ച് വീടുവിട്ടുപോവുകയും ചെയ്തിരുന്നു.

Top