ദമാസ്‌കസ്: സിറിയയിലെ ഒരു സിമന്റ് ഫാക്ടറിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 300 തൊഴിലാളികളില്‍ 175 പേരെ ഭീകര സംഘടനയായ ഐഎസ് വധിച്ചു. കിഴക്കന്‍ ദമാസ്‌കസിലെ ഡെയര്‍ പട്ടണത്തിലെ അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളെ വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ടു പോയത്. ഒരു ദിവസത്തിനിടെ ഐഎസ് നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലാളികളെ തട്ടിക്കൊണ്ടു പോയതിനു ശേഷം ഐഎസ് ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കമ്പനിയെ ബന്ധപ്പെട്ടിരുന്നുമില്ല. തൊഴിലാളികളെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയതിനാല്‍ തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും പാഴായി. ബസുകളിലായി ഐഎസ് ന്റെ ശക്തികേന്ദ്രങ്ങളിലേക്കാണ് തൊഴിലാളികളെ കൊണ്ടുപോയതെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.
അതേസമയം തൊഴിലാളികള്‍ 140 പേര്‍ രക്ഷപ്പെട്ടതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ കൗണ്‍സില്‍ തലവന്‍ റംദി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
പൗരാണിക നഗരമായ പാല്‍മിറയില്‍ നിന്ന് സൈന്യം ഐസിസിനെ തുരത്തുകയും നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ നിരാശ പൂണ്ടാണ് ഐഎസ് തൊഴിലാളികളെ തട്ടിക്കൊണ്ടു പോയതെന്നും കൊലപ്പെടുത്തിയതെന്നും അധികൃതര്‍ കരുതുന്നു. മോചനദ്രവ്യമല്ല ഐഎസ്‌ന്റെ ലക്ഷ്യമെന്നും സര്‍ക്കാരിനോട് പകരം ചോദിക്കുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും സൈന്യം കരുതുന്നു.