ഐഎസ് തലവന്റെ ഈദ് സന്ദേശത്തില്‍ ജിഹാദിനൊരുങ്ങണമെന്ന് ആഹ്വാനം

ബെയ്‌റൂട്ട്:ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഈദ് സന്ദേശത്തില്‍ ജിഹാദിന് ഒരുങ്ങണമെന്ന ശബ്ദ സന്ദേശം. ടെലിഗ്രാം ആപ്പിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് ജിഹാദ് ആഹ്വാനമുള്ളത്. ഇറാഖിലും സിറിയയിലും ഐഎസിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തിലാണിത്. മാത്രമല്ല, കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവരുന്നത്.

‘തങ്ങളുടെ മതവും ശത്രുക്കള്‍ക്കെതിരായ ജിഹാദും സ്രഷ്ടാവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവര്‍ പരാജിതരും അപമാനിതരുമാണ്. എന്നാല്‍ ഇവ നെഞ്ചോടു ചേര്‍ത്തുപിടിച്ചവര്‍, കുറച്ചു സമയത്തിന്റെ ഇടവേളയ്ക്കു ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകും’ സന്ദേശത്തില്‍ ബഗ്ദാദി പറയുന്നു.ഐഎസിനെതിരായ ആക്രമണങ്ങളെ സഹായിച്ച യുഎസിനും റഷ്യയ്ക്കും ജിഹാദികള്‍ ശക്തമായ തിരിച്ചടി കരുതിവച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.

ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഐഎസ് തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ‘ഖിലാഫത്ത്’ ഭരണം പ്രഖ്യാപിച്ചിരുന്നു. ഇതു തുടരുമെന്നു ബഗ്ദാദി സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശം എന്നാണ് റിക്കാര്‍ഡ് ചെയ്തതെന്നു വ്യക്തമല്ലെങ്കിലും സിറിയയ്ക്ക് ധനസഹായം നല്‍കാന്‍ സൗദി അറേബ്യ കഴിഞ്ഞയാഴ്ച എടുത്ത തീരുമാനത്തെ ബഗ്ദാദി വിമര്‍ശിക്കുന്നതായി സന്ദേശത്തിലുണ്ട്.

Top