IS letter threatens to kill PM Narendra Modi, Manohar Parrikar

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനും ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ഗോവ പൊലീസിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീകരവിരുദ്ധ സേന കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഐ.എസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വേ ഒലോന്‍ദ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ആക്രമണം നടത്തുമെന്ന് ഭീഷണിയുള്ളതായി ആഭ്യന്തര വൃത്തങ്ങളാണ് അറിയിച്ചത്. ഇതേതുടര്‍ന്ന് തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സുരക്ഷ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ് ബസിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഭീകരസംഘടനകളുടെ ഏതൊരു ഭീഷണിയും നേരിടുന്നതിനുള്ള സംവിധാനം നമുക്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏതൊരു ആക്രമണങ്ങളും പരാജയപ്പെടുത്താന്‍ നമ്മള്‍ ശക്തരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

Top