ജയറാം ചിത്രത്തില്‍ മമ്മുട്ടി വില്ലനോ?  മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ‘അബ്രഹാം ഓസ്ലര്‍’ ന്റെ ട്രെയ്ലര്‍ പുറത്ത് വന്നു

മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ‘അബ്രഹാം ഓസ്ലര്‍’ ന്റെ ട്രെയ്ലര്‍ പുറത്ത് വന്നു. ജയറാം പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഒരു സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം ജനുവരി 11 ന് റിലീസ് ചെയ്യും. നേരമ്പോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലറില്‍ ശബ്ദ സാന്നിധ്യമായിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ കഥാപാത്രമാണ് ആവുന്നതെന്നും അതല്ല കാമിയോ റോള്‍ മാത്രമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളുണ്ട്്. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുന്‍ മുകുന്ദനാണ് സംഗീതം നല്‍കുന്നത്.

സൈജു ശ്രീധരനാണ് എഡിറ്റിങ്. കലാസംവിധാനം ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ പ്രശാന്ത് നാരായണന്‍, സ്റ്റില്‍സ് എസ്ബികെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്സ്.

Top