മതത്തിന് പുറത്ത് വിവാഹം ചെയ്യുന്നത് രാജ്യവിരുദ്ധമോ? ചോദ്യവുമായി ശശി തരൂര്‍

sasi tharoor

ഭിനേതാക്കളായ അനുപം ഖേറും, നസറുദ്ദീന്‍ ഷായും തമ്മിലുള്ള വാക്‌പോരില്‍ ഇടപെട്ട മുന്‍ മിസോറാം ഗവര്‍ണറും, അന്തരിച്ച നേതാവ് സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നസറുദ്ദീന്‍ ഷായെ ‘നന്ദിയില്ലാത്തവന്‍’ എന്ന് വിശേഷിപ്പിച്ചാണ് സ്വരാജ് ട്വീറ്റ് ചെയ്തത്.

നസറുദ്ദീന്‍ ഷായ്ക്ക് എതിരെ അനുപം ഖേറിനെ പ്രതിരോധിക്കാനാണ് സ്വരാജ് കൗശല്‍ ട്വീറ്റ് ചെയ്തത്. ‘മിസ്റ്റര്‍ നസറുദ്ദീന്‍ ഷാ നിങ്ങള്‍ ഒരു നന്ദിയില്ലാത്ത മനുഷ്യനാണ്. ഈ രാജ്യമാണ് നിങ്ങള്‍ക്ക് പേരും, പ്രശസ്തിയും, പണവും നല്‍കിയത്. എന്നിട്ടും നിങ്ങള്‍ മോഹങ്ങളില്ലാത്ത വ്യക്തിയായി തുടരുന്നു. നിങ്ങള്‍ മതത്തിന് പുറത്ത് വിവാഹം ചെയ്തു. ആരെങ്കിലും അതില്‍ കുറ്റം പറഞ്ഞില്ല. നിങ്ങളുടെസഹോദരന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്. ജനറലായി. സമത്വപരമായ അവസരം അധികമായി നിങ്ങള്‍ക്ക് ലഭിച്ചില്ലേ?’, സ്വരാജ് കൗശല്‍ ചോദിച്ചു.

ഇതിനെതിരെയാണ് ശശി തരൂര്‍ രംഗത്ത് വന്നത്. ‘ഗവര്‍ണര്‍ സാഹിബ്, മതത്തിന് പുറത്ത് വിവാഹം ചെയ്യുന്നത് രാജ്യവിരുദ്ധമാണോ? അല്ലെങ്കില്‍ അനുപം ഖേറിനെ വിമര്‍ശിക്കുന്നതോ? നിങ്ങള്‍ക്കൊരു സുഹൃത്തിനെ പ്രതിരോധിക്കാം, പക്ഷെ ദൗര്‍ഭാഗ്യകരമായ ട്വീറ്റില്‍ പറഞ്ഞ വിഷയങ്ങള്‍ അനുസരിച്ചല്ല’, തരൂര്‍ പറഞ്ഞു.

അനുപം ഖേറിനെ കോമാളിയെന്നും, സൈക്കോപ്പാത്ത് എന്നും വിമര്‍ശിച്ച് നസറുദ്ദീന്‍ ഷാ രംഗത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ‘വര്‍ഷങ്ങളായി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തു എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തിരിച്ചറിയാനുള്ള നിങ്ങളുടെ വിവേചനശേഷിയെ ഇല്ലാതാക്കിയിരിക്കുന്നു’, അനുപം ഖേര്‍ തിരിച്ചടിച്ചു.

Top