മാർട്ടിൻ ലൂഥർ കിംഗിന്റെ ‘സ്വപ്നം’ ഒരിക്കലും നടക്കാത്ത സ്വപ്നമോ ?

ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായാണ് അമേരിക്കന്‍ പ്രസിഡന്റ് അറിയപ്പെടുന്നത്.സൈനികമായും സാമ്പത്തികമായും അമേരിക്ക കൈവരിച്ച, മുന്നേറ്റമാണ് ഈ പദവിക്കാധാരം.

ഈ കരുത്ത് ഉപയോഗിച്ച് ലോകത്തെ വിവിധ രാജ്യങ്ങളില്‍, നിരവധി ആക്രമണങ്ങള്‍ അമേരിക്ക നടത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍, ഖാസിം സുലൈമാനിയുടെ വധം.

വിഷം തുപ്പുന്ന നാവുകൊണ്ട് ഇറാനെ ആക്രമിക്കാന്‍ മടിക്കില്ലന്ന് പലവട്ടം വീമ്പിളക്കിയ വ്യക്തി കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


ആ ട്രംപാണിപ്പോള്‍ സ്വന്തം ജനതയെ പേടിച്ച് ബങ്കറിലേക്ക് ഓടിയൊളിച്ചിരിക്കുന്നത്.

‘കാലത്തിന്റ കാവ്യനീതി’ കൂടിയാണ് ഈ കാഴ്ച.

കൊലയാളി വൈറസിനെ പോലും ഭയപ്പെടുത്തുന്ന മുഷ്ടികളാണ് അമേരിക്കയില്‍ ഇപ്പോള്‍ ഉയരുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ പ്രതിഷേധ തീയില്‍ കത്തുന്നത് ഈ സമ്പന്ന രാജ്യമാണ്.

കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടും, അതൊന്നും വകവയ്ക്കാതെയാണ് പ്രക്ഷോഭകര്‍ മുന്നോട്ട് പോകുന്നത്.

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വംശജനെയാണ്, വെള്ളക്കാരനായ ഒരു പൊലീസുകാരന്റെ നേതൃത്വത്തില്‍ കൊന്നുകളഞ്ഞിരിക്കുന്നത്.

മുട്ടുകാല്‍ കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ചായിരുന്നു ഈ ക്രൂര കൊലപാതകം അരങ്ങേറിയിരുന്നത്.

‘എനിക്ക് ശ്വാസംമുട്ടുന്നു ‘ എന്ന ഫ്‌ളോയിഡിന്റെ രോദനമാണ് പ്രതിഷേധ തീയായി ആളിപടര്‍ന്നിരിക്കുന്നത്.

ഈ പ്രതിഷേധ തീ പേടിച്ചാണ് വൈറ്റ് ഹൗസിലെ ബങ്കറില്‍ ട്രംപും അഭയം തേടിയിരുന്നത്.

വൈറ്റ് ഹൗസ് പോലും വിറച്ച രാത്രികളാണ് ഇപ്പോള്‍ കടന്നു പോയിരിക്കുന്നത്. വൈറ്റ് ഹൗസിന് നേരെ മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങളും കടകളുമാണ് തരിപ്പണമാക്കിയിരുന്നത്. 800 മീറ്റര്‍ മാത്രം അകലെയുള്ള വാഷിങ്ടണ്‍ സ്മാരകത്തിന് സമീപത്തുനിന്ന് പുക ഉയര്‍ന്നതോടെ, വൈറ്റ് ഹൗസും ഇരുട്ടിലായി. ഇതോടെയാണ് പുറത്തേക്കുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

പ്രക്ഷോഭം തണുപ്പിക്കാനോ അനുനയിപ്പിക്കാനോ ഉള്ള നടപടികളല്ല, അമേരിക്കന്‍ ഭരണകൂടം ഇപ്പോഴും കൈക്കൊള്ളുന്നത്. തുടക്കം മുതല്‍ക്കേ അടിച്ചമര്‍ത്തല്‍ നയമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. പ്രക്ഷോഭം തുടര്‍ന്നാല്‍ വെടിവെക്കുമെന്നാണ് ട്രംപ് ആദ്യം നിലപാടെടുത്തിരുന്നത്. ഇപ്പോഴാകട്ടെ സൈന്യത്തെ ഇറക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പ്രക്ഷോഭകരെ കൊള്ളക്കാരായി ട്രംപ് ചിത്രീകരിച്ചതിപ്പോള്‍, പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടാനാണ് വഴിവച്ചിരിക്കുന്നത്.

കോര്‍പറേറ്റ് കൊള്ളയ്ക്ക്, രാഷ്ട്ര സംവിധാനത്തെ മുഴുവന്‍ ഉപയോഗിക്കുന്ന ട്രംപിന്റെ ഈ വാദം, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ തന്നെ പൊളിച്ചടുക്കിയിട്ടുണ്ട്.

ലോക സൈനിക കരുത്ത് സ്വന്തം ജനതയ്ക്ക് മുന്നില്‍ ഒന്നുമല്ലന്ന്, ട്രംപിനെ ബോധ്യപ്പെടുത്തുന്ന പ്രതിഷേധം കൂടിയാണ് നിലവില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്.

ട്രംപ് പ്രതിനിധീകരിക്കുന്ന, വെള്ള മേധാവിത്വത്തിനെതിരെയുള്ള പ്രതിഷേധമായാണ് ഈ പ്രക്ഷോഭമിപ്പോള്‍ രൂപാന്തരപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാം ഓര്‍ക്കേണ്ടത് മാര്‍ട്ടിന്‍ ലുഥര്‍ കിംഗിനെയും മാല്‍ക്കം
എക്‌സിനെയുമാണ്.13 ശതമാനം വരുന്ന കറുത്ത വംശജരുടെയും, ന്യൂനപക്ഷങ്ങളുടെയും പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടി, രക്തസാക്ഷിത്വം വരിച്ച ധീരന്മാരാണിവര്‍.

ഇവരുടെ പോരാട്ട നാള്‍വഴികളാണ് വീണ്ടും ലോകമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ലോക വന്‍ശക്തിയായ അമേരിക്കയിലെ, കറുത്ത വംശജരും, ലാറ്റിനോകളും ഇന്നും ദാരിദ്രത്തിന്റെയും അവഗണനയുടെയും കയ്പ് നീര് കുടിച്ചാണ് ജീവിക്കുന്നത്.ഇതിനെതിരെ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളും അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അതില്‍ ചോരകൊണ്ട് രേഖപ്പെടുത്തിയ പേരാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റേത്.


അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ധീരനായ നേതാവായിരുന്നു ലൂഥര്‍കിങ്ങ് . അന്‍പത്തിയാറു വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം ഇന്നും ലോക ജനതയ്ക്ക് ആവേശകരമാണ്. വര്‍ണവിവേചനത്തിനെതിരായ ഈ പ്രസംഗം നെഞ്ചേറ്റിയ ജനതയാണ് ഇന്ത്യയിലുമുള്ളത്. ഇതിലെ വരികള്‍ ഇന്നും ലോകത്തിലെ അതിജീവന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്.

ബസുകളില്‍, കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും, വെവ്വേറെ സീറ്റുകളുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു അമേരിക്കയില്‍. ഇതിനെതിരെ 381 ദിവസം നീണ്ടുനിന്ന പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ഈ സമരത്തിന് നേതൃത്വം കൊടുത്തതും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗായിരുന്നു. അതിന് അദ്ദേഹത്തിന് പ്രചോദനം നല്‍കിയതാകട്ടെ, ഇന്ത്യയില്‍ ഗാന്ധിജി നടപ്പിലാക്കി വിജയിപ്പിച്ച സമരരീതികളുമായിരുന്നു.

ഈ സമരത്തെ തുടര്‍ന്നാണ് അമേരിക്കന്‍ ഭരണകൂടം, ആ വേര്‍തിരിവ് തന്നെ,
എടുത്തു കളഞ്ഞിരുന്നത്.

ആഭ്യന്തര യുദ്ധത്തിലൂടെ അമേരിക്കയില്‍ അടിമത്തം അവസാനിപ്പിക്കപ്പെട്ടെങ്കിലും, തുല്യമായ ജനാധിപത്യാവകാശങ്ങള്‍ അനുവദിച്ചു കിട്ടാനായി പിന്നെയും ഒരുപാടുകാലം എടുക്കുകയുണ്ടായി. ഒരുപാട് ചോരയും ഇതിനായി ചിന്തേണ്ടി വന്നിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ സ്വാതന്ത്ര്യസ്വപ്നങ്ങളുടെ പതാകാവാഹകനായിരുന്നു അപ്പോഴെല്ലാം, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്.

1963 -ലാണ്, കറുത്ത വര്‍ഗ്ഗക്കാരുടെ മൗലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘വാഷിങ്ങ്ടണ്‍ സിവില്‍ റൈറ്റ്‌സ് മാര്‍ച്ച്’ നടന്നിരുന്നത്. 1963 ആഗസ്റ്റ് 28 -ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്, അമേരിക്കയെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച, എബ്രഹാം ലിങ്കന്റെ സ്മാരകത്തിന്റെ പടികളില്‍ നിന്നുകൊണ്ട്, ഐതിഹാസികമായ ഒരു പ്രസംഗം നടത്തുകയുണ്ടായി. ‘ i have a dream ‘എന്നായിരുന്നു ആ പ്രസംഗം അറിയപ്പെട്ടിരുന്നത്. എനിക്കൊരു സ്വപ്‌നമുണ്ട് എന്നാണ് അതിനര്‍ത്ഥം.

ജനകോടികളെ ആവേശഭരിതമാക്കിയ ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.

എനിക്കൊരു സ്വപ്നമുണ്ട്… തൊലിയുടെ നിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരില്‍ മാത്രം വിലയിരുത്തപ്പെടുന്ന ഈ ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണം.ആ ദിനത്തെപ്പറ്റി ഞാന്‍ സ്വപ്നം കാണുന്നുണ്ട് എനിക്കൊരു സ്വപ്നമുണ്ട്, ഒരുനാള്‍ ഈ നാട് ഉയര്‍ന്നു വരും.. മനുഷ്യരെല്ലാം തുല്യരാണ് എന്ന സങ്കല്പത്തെ അത് സ്വീകരിക്കുന്ന ആ സുവര്‍ണദിനത്തെക്കുറിച്ചും ഞാന്‍ സ്വപ്നം കാണുന്നുണ്ട്.എനിയ്‌ക്കൊരു സ്വപ്നമുണ്ട്.. ഒരുനാള്‍ ജോര്‍ജിയയിലെ ചുവന്ന മലകള്‍ക്കു മുകളില്‍ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യ ഭാവത്തോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു കൊണ്ട് അത്താഴമുണ്ണുന്ന ആ ദിനത്തെപ്പറ്റിയും ഞാന്‍ സ്വപ്നം കാണുന്നുണ്ട്..”

അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വപ്‌നങ്ങളെയാണ് തന്റെ സ്വപ്‌നങ്ങളായി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പ്രസംഗത്തില്‍ അവതരിപ്പിച്ചിരുന്നത്. വെള്ളക്കാരെ ചുട്ടുപൊള്ളിച്ച പ്രസഗം കൂടിയായിരുന്നു അത്. ലൂഥര്‍ കിങ്ങിന്റെ അതി പ്രസിദ്ധമായ ഈ പ്രഭാഷണം പിന്നീട് വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മാറുകയുണ്ടായി.

1968 ഏപ്രില്‍ നാലിനാണ് ലൂഥര്‍ കിംഗ് വെള്ളക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 39 വയസ്സ് മാത്രമാണുണ്ടായിരുന്നത്. അമേരിക്കയെ നടുക്കിയ കൊലപാതകമായിരുന്നു അത്. ഈ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കളും അമേരിക്കയുടെ രഹസ്യപ്പൊലീസ് ഏജന്റുമാരുമായിരുന്നു.

അബ്രഹാം ലിങ്കണ്‍, ഒന്നര നൂറ്റാണ്ട് മുന്‍പ് നിയമപരമായി അടിമത്വം നിരോധിച്ചുവെങ്കിലും, കറുത്ത വംശജരോടുള്ള സമീപനത്തില്‍, വെള്ളക്കാര്‍ വലിയ മാറ്റമൊന്നും ഇതുവരെ വരുത്തിയിട്ടില്ല. ഈ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നത് കൂടിയാണ് ഇപ്പോഴത്തെ ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണമായ കൊലപാതകവും.

2020 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ, ഈ സംഭവം ഏത് തരത്തില്‍ സ്വാധീനിക്കുമെന്നാതാണ്, ഇനി കണ്ടറിയേണ്ടത്.


Express View

Top