കണ്ണൂര്‍: ആര്.എസ്.എസ് പരിപാടിയില്‍ അമൃതാനന്ദമയി മഠത്തിലെ സ്വാമി കൃപാനന്ദപുരി പങ്കെടുത്തതിനെ മോശമായി ചിത്രീകരിക്കരുതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികരണത്തിനുള്ള മറുപടിയായാണ് ബിജെപി നേതാവ് നിലപാട് വ്യക്തമാക്കിയത്.
സ്വാമിമാരും മഠാധിപതികളും ഏതൊക്കെ പരിപാടികളില്‍ പങ്കെടുക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ നിശ്ചയിക്കേണ്ട. ഇക്കാര്യം സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലും ബാധകമാണെന്നും രാജഗോപാല്‍ ചുണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആര്.എസ്.എസ് അത് നിരോധിത സംഘടനയല്ല, നിരോധിത പരിപാടിയുമല്ല നടത്തിയതെന്നും രാജഗോപാല്‍ പറഞ്ഞു.
‘എല്ലാവരെയും മകളെ എന്ന് വിളിക്കുന്ന അമൃതാനന്ദമയിയുടെ അനുയായി ആര്.എസ്.എസ് ആയുധ പരിശീലനത്തിന് നേതൃത്വം നല്‍കിയത് എന്തിനാണെന്ന് ‘ മഠം അധികൃതര്‍ വിശദീകരിക്കണമെന്നായിരുന്നു ജയരാജന് ആവശ്യപ്പെട്ടിരുന്നത്.
മഠം അധികൃതര്‍ മറുപടി നല്കിയില്ലങ്കിലും ഒ. രാജഗോപാലാണ് ഇപ്പോള്‍ സിപിഎമ്മിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.