സ്വകാര്യത മൗലീകാവകാശമാണെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി

supreame court

ന്യൂഡല്‍ഹി: സ്വകാര്യത മൗലീകാവകാശമാണെന്ന് സുപ്രീം കോടതി.

സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് നിര്‍ണായക വിധി പറഞ്ഞത്. വിധിയില്‍ ഭരണഘടനാ ബെഞ്ചിന് ഏകാഭിപ്രായമായിരുന്നു.

ഭരണഘടനയുടെ 21ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്.

സ്വകാര്യതയെപ്പറ്റി കഴിഞ്ഞ 50 വര്‍ഷങ്ങളായി സുപ്രീംകോടതി ഉണ്ടാക്കിയെടുത്ത കാഴ്ച്ചപ്പാടുകള്‍ പൊളിച്ചെഴുത്തുന്നതാണ് പുതിയ വിധി.

സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാലബഞ്ചിന്റെ വിധികള്‍ ഇതോടെ അപ്രസക്തമായി.

അതേസമയം സുപ്രീംകോടതിയുടെ വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണ്. ആധാറിനെയും ഇത് ബാധിക്കും. ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡിന്റെ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ഹര്‍ജ്ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് ഡിവിഷണല്‍ ബഞ്ച് പരിശോധിച്ചത്.

കേസിലെ വിധി പ്രസ്താവത്തിന് അടിസ്ഥാനത്തിലായിരിക്കും ആധാര്‍ കേസ് തീര്‍പ്പാക്കുക. നേരത്തേ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്വകാര്യത സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ കേസ് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിടുകയായിരുന്നു.

തുടര്‍ന്ന് മുന്‍കേസുകളില്‍ സ്വകാര്യതയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിധികള്‍ പുറപ്പെടുവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതോടെ വ്യക്തത വരുത്താന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റി.

സ്വകാര്യത മുഴുവനായും ഉറപ്പുവരുത്താനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. വിഷയത്തില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യത ഉറപ്പുവരുത്താമെന്നായിരുന്നു കേന്ദ്ര നിലപാട്.

എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന നിലപാടാണ് കേരളം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

Top