ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെ കൂടി പ്രതി ചേര്‍ത്തു

കൊച്ചി: ഐഎസ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്. പ്രതികള്‍ ഐഎസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയയില്‍ ഉള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതേക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നും എഐഎ കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. ഇവരെ ഉടന്‍ തന്നെ വിശദമായി ചോദ്യം ചെയ്യും. ഒപ്പം ഇവരുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കും.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് മൂന്നുപേരെ കൂടെ പ്രതി ചേര്‍ത്തിരിക്കുന്നത്.

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഫ്രാന്‍ ഹാഷിമുമായി ആശയ വിനിമയം നടത്തിയെന്ന് നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയിരുന്നു. സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിന്റെ കൂടി ഭാഗമാണ് തുടര്‍ ചോദ്യം ചെയ്യല്‍. ഇതിനായാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നത്.

Top