ബെംഗളൂരു: ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വ്യാപക റെയ്ഡ്. ദക്ഷിണകാനറ, ശിവമൊഗ, ദാവനഗരെ, ബെംഗളുരു എന്നീ ജില്ലകളിൽ ആറിടങ്ങളിലായാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഐഎസുമായി ബന്ധപ്പെട്ട് സജീവ പ്രവർത്തനം നടത്തിയ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ റിഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബൈഗ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഐഎസില്‍ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴിയാണ് ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം കടത്തിയത്. കേസിലെ മുഖ്യപ്രതിയായ മാസ് മുനീർ വഴി നിരവധി ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻഐഎ പറയുന്നു. കർണാടകയിലെ വിവിധ പ്രദേശങ്ങളിലായി വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.