സംഘപരിവാറിന്റെ ‘ബി’ ടീമാണ് ആം ആദ്മി പാർട്ടിയെന്ന പ്രചരണം, ആ പാർട്ടിയുടെ രൂപീകരണ കാലം തൊട്ട് പ്രചരിക്കുന്ന വാർത്തകളാണ്. ബി.ജെ.പിക്ക് അഥവാ തിരിച്ചടി നേരിട്ടാൽ, ഭരണം കയ്യിൽ നിന്നും പോകാതിരിക്കാൻ, ആർ.എസ്.എസ് ബുദ്ധിയിൽ ഉദിച്ച പേരാണ് ആം ആദ്മി പാർട്ടിയെന്നാണ്, എ.എ.പിയുടെ വിമർശകർ ചൂണ്ടിക്കാണിച്ചിരുന്നത്. ഒരു തമാശയായി മാത്രം ഈ വാർത്തകളെ സമീപിച്ചവർക്ക് പോലും, ചില സംശയങ്ങൾ ഉണ്ടാക്കുന്ന തരത്തിലാണ് പിന്നീട് ആം ആദ്മി പാർട്ടി പ്രവർത്തിച്ചിരുന്നത്.
കടുത്ത ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് കെജരിവാളും പയറ്റുന്നത്. അത് അദ്ദേഹം നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച ഘട്ടത്തിലും രാജ്യം കണ്ട കാഴ്ചയാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ, ബി.ജെ.പിയെ പോലെ തന്നെ, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ്, ആം ആദ്മി പാർട്ടിയും പ്രവർത്തിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ ദൃശ്യമായിരിക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, കടുത്ത ഹിന്ദുത്വ കാർഡിറക്കിയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ, അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നിരിക്കുന്നത്. ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങൾ, പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ, ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങൾ നോട്ടിൽ ഉൾപ്പെടുത്തണമെന്നതാണ് കെജ്‌രിവാളിന്റെ ആവശ്യം.
“ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണമെന്നും, അതു പോലെ തന്നെ മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്‌മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ, രാജ്യത്തിന് മുഴുവൻ അതിന്റെ അനുഗ്രഹമുണ്ടാകുമെന്നുമാണ് കെജരിവാളിന്റെ വാദം. 85 ശതമാനം മുസ്ലിംങ്ങൾ ഉള്ള ഇന്തോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും, അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്ന കാര്യവും, വാർത്താ സമ്മേളനത്തിൽ കെജ്‌രിവാൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
‘അഴിമതി രഹിത ഭരണമെന്ന’ കെജ്‌രിവാൾ ആശയത്തിൽ ആകൃഷ്ടരായി ആം ആദ്മി പാർട്ടിക്കൊപ്പം ചേർന്ന അണികൾ പോലും, ഡൽഹി മുഖ്യമന്ത്രിയുടെ ഈ ആവശ്യം കേട്ട് പകച്ചു നിൽക്കുകയാണ് ചെയ്യുന്നത്. ഡൽഹിയിലും പഞ്ചാബിലും ഭരണം പിടിച്ച ആം ആദ്മി പാർട്ടി, അതിന്റെ വിശ്വരൂപമാണ് കെജ്‌രിവാളിലൂടെ ഗുജറാത്തിലും കാണിച്ചിരിക്കുന്നത്. വ്യക്തമായ വർഗ്ഗീയ പ്രീണന നയമാണിത്. സെക്യുലർ പാർട്ടിയെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ തനിനിറം തന്നെയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ്സ് മുക്ത ഭാരതമെന്ന വിശാല ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ബി.ജെ.പി, അവർക്ക് എതിരിയായി ആം ആദ്മി പാർട്ടിയാണ് രണ്ടാമത് വരേണ്ടതെന്ന നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും ഇക്കാര്യത്തിൽ ബി.ജെ.പി അജണ്ട നടപ്പായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ, ആം ആദ്മി പാർട്ടി പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാൽ, ബി ജെ പിക്ക് ഭരണം നഷ്ടമാകില്ലന്നതാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഹിമാചൽ പ്രദേശിലും, ഈ തന്ത്രം തന്നെയാണ് ബി.ജെ.പി പയറ്റുന്നത്. ഇവിടെ ഇത്തവണ സർക്കാറിനെതിരായ വികാരം ശക്തമായത് ബി ജെ പി യെ ആശങ്കപ്പെടുത്തുന്നുണ്ട്. തലസ്ഥാനമായ ഷിംലയിൽ ഉൾപ്പെടെ സി.പി.എമ്മിനും ശക്തമായ സ്വാധീനമാണുള്ളത്. ഇത്തവണ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ പറ്റുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം മുന്നോട്ട് പോകുന്നത്. ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളും ഗുജറാത്തിൽ 182 മണ്ഡലങ്ങളുമാണുള്ളത്. നിലവിൽ ബിജെപിയാണ് രണ്ടു സംസ്ഥാനങ്ങളും ഭരിക്കുന്നത്. ഇതിൽ ഒരു സംസ്ഥാനം കൈവിട്ടാൽ പോലും , അത് ബി.ജെ.പിക്ക് വൻ പ്രഹരമാകും. ഇതൊഴിവാക്കാനുള്ള ശ്രമമാണ് ആർ എസ്.എസും നടത്തി വരുന്നത്.
ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം, ബി ജെ പി ഭരണം ഉറപ്പാക്കുമെന്നതാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെ നിഗമനം. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടി സംഘപരിവാറിന്റെ പ്രധാന ആയുധമാണ്. മോദി സർക്കാറിന് ഭൂരിപക്ഷത്തിൽ കുറവു വന്നാൽ ‘ഒരു കൈ സഹായം’…. അതല്ലങ്കിൽ, പ്രതിപക്ഷ ചേരിയുടെ പ്രധാനമന്ത്രിയാവേണ്ടത് അരവിന്ദ് കെജ്‌രിവാൾ ആണെന്നതാണ് , പരിവാർ അജണ്ട , ഇങ്ങനെ സംശയിക്കാൻ കാരണങ്ങളും നിരവധിയാണ്. ഇത് പ്രതിപക്ഷ പാർട്ടികൾ എത്ര നേരത്തെ തിരിച്ചറിയുന്നുവോ, അത്രയും നല്ലതെന്നാണ് , രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
ദൈവങ്ങളെ കൂട്ട് പിടിച്ച്, പ്രചരണത്തിൽ മുന്നേറാനുള്ള , അപകടകരമായ നീക്കം, ആം ആദ്മി പാർട്ടി കൂടി തുടങ്ങിയത്, മതനിരപേക്ഷ മനസ്സുകളെയാണ് നിലവിൽ വലിയ രൂപത്തിൽ ആശങ്കപ്പെടുത്തിയിരിക്കുന്നത്. ആരെയാണ് വിശ്വസിക്കേണ്ടത് എന്ന വലിയ ചോദ്യമാണ്, അവർക്കു മുന്നിലും ഉയർന്നിരിക്കുന്നത്.
EXPRESS KERALA VIEW