ബാഗ്ദാദ്: ബലി പെരുന്നാള്‍ തിരക്കിനിടെ ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി.
അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐഎസ് അറിയിച്ചു. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ പറഞ്ഞു.
വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ം സാലിഹ് പറഞ്ഞു. ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം തവണയാണ് ബാഗ്ദാദ് മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടാകുന്നത്.