ന്യൂയോര്‍ക്ക് : ഇന്ത്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ് -ഖൊറാസാനെ (ഐഎസ്‌ഐഎല്‍-കെ) ആണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഐഎസ്‌ഐഎല്‍-കെയുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍. താലിബാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാനും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ താലിബാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനും വേണ്ടിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.
കഴിഞ്ഞ സെപ്റ്റംബറില്‍ കാബൂളിലെ റഷ്യന്‍ എംബസിക്കു നേരെ നടന്ന ആക്രമണവും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യ- ദക്ഷിണേഷ്യ നേരിടുന്ന ഭീഷണിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് യുഎന്‍ ഭീകരവിരുദ്ധ ഓഫിസിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്‌ലോഡിമിര്‍ വൊറൊന്‍കോവ് ആണ് അവതരിപ്പിച്ചത്.