രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ എൻഐഎയുടെ റെയ്ഡിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ വലഞ്ഞത് കേരളത്തിലെ ജനങ്ങളാണ്. ഹർത്താലിൽ അടിസ്ഥാന ആവശ്യങ്ങളോട് പോലും പുറം തിരിഞ്ഞ് നിൽക്കുന്നതും അനാവശ്യ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രവണതയാണ് ഇന്നലെ കേരളത്തിൽ കാണാനായത്. ഹര്‍ത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്ക്. സാധാരണകാർക്കു നേരെയും ആംബുലൻസുകൾക്ക് നേരെയുമുണ്ടായ അക്രമങ്ങളുടെ കണക്കുകൾ വേറെ പരിശോധിക്കേണ്ടതുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഹർത്താലിന്റെ പേരിൽ അരങ്ങേറിയ വ്യാപക ആക്രമണങ്ങളിലുണ്ടായ നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നാണ് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു.
ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ചോദിച്ചു. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
നീതിന്യായ ഭരണ സംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നതെന്നും കോടതി ചൂണ്ടികാട്ടി. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെ എസ് ആര്‍ ടി സി ബസുകൾ ആക്രമിക്കുന്നതെന്നും ഹര്‍ത്താൽ അക്രമങ്ങളിൽ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം നികത്താൻ നടപടിയുണ്ടാകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
എന്നാൽ പോപുലർ ഫ്രണ്ട് അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചു വിട്ടപ്പോഴും ആദ്യ മണിക്കൂറുകളിൽ നിഷ്ക്രിയമായി നിൽക്കുന്ന ആഭ്യന്തര വകുപ്പിനെയാണ് കാണാൻ സാധിച്ചത്. പോലീസിന്റെ ഈ നിരുത്തരവാദപരമായ പെരുമാറ്റം മാധ്യമങ്ങളിൽ മറ്റും ചർച്ചയായപ്പോൾ മാത്രമാണ് പോലീസ് രംഗത്ത് ഇറങ്ങിയത്. ഹർത്താലിന്റെ മറവിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണങ്ങൾ തുടരുന്നതിനിടെയും എല്ലാം നിയന്ത്രണ വിധേയമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അവകാശപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടികൾ ഇപ്പോഴും തുടർന്ന് വരികയാണ്. ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുമുണ്ട്.
ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും പലയിടത്തും വാഹനങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് അവകാശപ്പെട്ടത്.ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചു പേരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും അറിയിച്ചു. എന്നാല്‍, കോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാറിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും നേരിട്ടത്.
ഇതിനിടെ ചില ഇടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ ജനങ്ങള്‍ സംഘടിച്ചു. പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെ ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ഇവരെ എതിര്‍ത്ത് രംഗത്തെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് ഹര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയില്‍ എടുത്തു.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എന്‍ഐഎ രംഗത്തെത്തി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ അറിയിച്ചു. വിവിധ മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തച്ചൊരിച്ചൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പ്രതികളെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ആദ്യം 10 പ്രതികളുടെ കസ്റ്റഡി അപേക്ഷയായിരുന്നു നൽകിയിരുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത സി ടി സുലൈമാന്‍റെ കസ്റ്റഡി അപേക്ഷയും പുതുതായി കോടതിക്ക് നൽകി.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഇഡി ഉന്നയിച്ചിരിക്കുന്നത്. ബീഹാറിൽ മോദിയെ വധിക്കാൻ നീക്കം നടത്തിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഇതോടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നു. പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന മറ്റൊരു ഗുരുതര ആരോപണനും എൻഐഎ ഉന്നയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തിയെന്നും കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താനും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും എന്‍ഐഎ അവകാശപ്പെട്ടു.
പിടിച്ചെടുത്ത രേഖകളിൽ ഇത് സംബന്ധിച്ച രേഖകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും എന്‍ഐഎ പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി വളപ്പില്‍ വച്ച് പ്രതികള്‍ ആര്‍ എസ് എസിനെതിരെ മുദ്രാവാക്യം വിളിച്ചു. എൻഐഎ ആര്‍എസ്എസിന്റെ ചട്ടുകം ആയേക്കുമെന്നാരോപിച്ചാണ് പ്രതികള്‍ പ്രതിഷേധിച്ചത്.