കേരളത്തിൽ സ്വന്തം പാർട്ടിക്കാരുടെ മുന്നിലും പൊതു സമൂഹത്തിന്റെ മുന്നിലും ഇത്രയും നാണം കെട്ട ഒരു പാർട്ടി വേറെയുണ്ടാവില്ല.
ഈർക്കിൾ പാർട്ടികൾ പോലും പാർട്ടി നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ നിൽക്കുന്ന കേരളത്തിലാണ് കോൺഗ്രസ്സിന്റെ ത്രിവർണ്ണ പതാക ഘടകകക്ഷികളുടെ കാലിൽ കൊണ്ട് ഇപ്പോൾ കെട്ടിയിരിക്കുന്നത്.
എം.എം ഹസ്സനെ പോലെ കഴിവുകെട്ട ഒരു അദ്ധ്യക്ഷനും കള്ളനെ നമ്പിയാലും ‘കുള്ളനെ’ നമ്പരുതെന്ന ചൊല്ല് ഓർമ്മപ്പെടുത്തുന്ന ചെന്നിത്തലയും സോളാറിൽ ‘പൊള്ളിയിട്ടും’ പാഠം പഠിക്കാത്ത ഉമ്മൻ ചാണ്ടിയുമെല്ലാം ഒത്തൊരുമിച്ചാണ് ഈ നെറികെട്ട പണി കാണിച്ചിരിക്കുന്നത്.
യു.ഡി.എഫ് വിട്ടതിനു ശേഷം കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചും നിലപാടെടുത്തും മുന്നോട്ട് പോയ കെ.എം മാണിയുടെ കേരള കോൺഗ്രസ്സിനെ തിരിച്ച് മുന്നണിയിലെത്തിക്കാൻ വീട്ടിൽ പോയി കാലുപിടിച്ച ഈ നേതാക്കൾ തന്നെയാണ് ഇപ്പോൾ രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവ് വച്ചിരിക്കുന്നത്.
സംസ്ഥാനത്തെ രണ്ടാമത്തെ പാർട്ടിയും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയുമായ കോൺഗ്രസ്സിനു അവകാശപ്പെട്ട സീറ്റാണ് ഇങ്ങനെ ‘പതിച്ചു’ നൽകാൻ പോകുന്നത്.
ഹൈക്കമാന്റ് ഈ മൂവർ സംഘത്തിന്റെ നിലപാടിന് പിന്തുണ നൽകിയതിനാൽ ഇനി മാണിയുടെ നോമിനിയായിരിക്കും രാജ്യസഭയിലിരിക്കുക.
എ.കെ ആന്റണി അടക്കമുള്ള ആദർശധീരൻമാരുടെ കോൺഗ്രസ്സ് ‘വീര്യം’ കേരള കോൺഗ്രസ്സ് ‘വീര്യ’മായതോടെയാണ് രാഹുൽ പച്ചക്കൊടി കാട്ടിയതെന്നാണ് സൂചന. ഇതിലും ഭേദം കേരളത്തിൽ കോൺഗ്രസ്സ് പിരിച്ചുവിട്ട് കേരള കോൺഗ്രസോ ലീഗോ ആയി മാറുകയായിരുന്നു.
വേദനയോട് വിലപിക്കുന്ന കോൺഗ്രസ്സ്കാരുടെ രോദനങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തെ ചുട്ടുപൊള്ളിച്ചില്ലങ്കിലും രാഷ്ട്രീയ കേരളം ഇതെല്ലാം വിലയിരുത്തുന്നുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക.
‘മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയ’ അവസ്ഥയോട് ഇപ്പോഴത്തെ സാഹചര്യത്തെ ഉപമിച്ച രാജ് മോഹൻ ഉണ്ണിത്താന്റെ നിലപാട് തന്നെയാണ് ശരിയെന്ന അഭിപ്രായമാണ് ഇക്കാര്യത്തിൽ ഞങ്ങൾക്കും ഉള്ളത്.
രാജ്യസഭ സീറ്റിനു വേണ്ടി പി.ജെ.കുര്യനും യുവനേതാക്കളും തമ്മിൽ നടന്ന പോരിനിടയിൽ ‘സമർത്ഥമായി’ കാര്യം സാധിച്ചത് കെ.എം മാണിയാണ്.
ഇനി മുസീംലീഗ് നേതാവിന്റെ ശുപാർശക്ക് അനുസരിച്ച് നിലപാട് മാറ്റാൻ കോൺഗ്രസ്സിന്റെ നിലപാടുകളും പരിപാടികളും തീരുമാനിക്കുന്നത് മുസ്ലീം ലീഗും പി.കെ കുഞ്ഞാലിക്കുട്ടിയും ആണോ എന്ന ചോദ്യത്തിനും കോൺഗ്രസ്സ് നേതൃത്വം മറുപടി പറയേണ്ടി വരും.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാണിയെ യു.ഡി.എഫിനോട് അടുപ്പിച്ചിട്ടും എട്ടു നിലയിലാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പരാജയപ്പെട്ടതെന്നത് രാജ്യസഭ സീറ്റ് മാണിക്ക് കൊടുപ്പിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടവർ ഓർക്കണമായിരുന്നു.
മാണി യു.ഡി.എഫിനെ പിന്തുണച്ചത് കൊണ്ടാകാം ഒരു പക്ഷേ ഇടതുപക്ഷം പോലും പ്രതീക്ഷിക്കാത്ത ചരിത്ര ഭൂരിപക്ഷം സജി ചെറിയാന് കിട്ടിയതെന്ന വാദത്തിലും കഴമ്പില്ലാതില്ല.
‘പിന്നിൽ’ നിന്നും കുത്തിയെന്ന് ആരോപിച്ച് മുന്നണിക്ക് പുറത്ത് പോയവർ തന്നെ ഇപ്പോൾ മുന്നിൽ നിന്നു കോൺഗ്രസ്സിന്റെ ചങ്കിൽ കുത്തിയതിൽ എന്തായാലും രാഷ്ട്രീയ എതിരാളികൾക്ക് ആഹ്ലാദിക്കാൻ വകയുണ്ട്.
ചെങ്ങന്നൂർ ‘ഫോർമുല’ പ്രകാരമാണ് കോൺഗ്രസ്സിലെ ‘ത്രിമൂർത്തികൾ’ മാണികോൺഗ്രസ്സിന് രാജ്യസഭ സീറ്റ് നൽകുവാൻ തീരുമാനിച്ചതെന്ന വിവരം കോൺഗ്രസ്സിൽ വലിയ കലാപത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
പി.ജെ കുര്യൻ എന്ന ‘അവസര’ വാദിക്ക് ഇനിയും രാജ്യസഭ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തിറങ്ങിയ കോൺഗ്രസ്സ് യുവ എം.എൽ.എമാർ സ്വപ്നത്തിൽ പോലും ഇത്തരമൊരു ട്വിസ്റ്റ് പ്രതീഷിച്ചിട്ടുണ്ടാകില്ല.
വിവരം അറിഞ്ഞതോടെ കെ.പി.സി.സി സെക്രട്ടറി കെ.ജയന്ത് അടക്കമുള്ള ഉശിരുള്ള യുവ നേതാക്കൾ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇതിനകം തന്നെ രാജിവച്ചു കഴിഞ്ഞു. അതുപോലെ തന്നെ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ്സ് – കെ.എസ്.യു ജില്ലാ നേതാക്കളും ഒന്നടങ്കം രാജിവച്ചിട്ടുണ്ട്. കണ്ണൂർ അടക്കം വിവിധ ജില്ലകളിൽ കൂട്ടരാജി തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കോൺഗ്രസ്സിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് കൺമുന്നിൽ.. ഹസൻ – ചെന്നിത്തല – ചാണ്ടി ഫോർമുല ഹൈക്കമാന്റ് അംഗീകരിച്ചത് കൂടുതൽ പൊട്ടിതെറിയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോകാനുള്ള യുവജന പ്രവർത്തകരുടെ നീക്കം എന്തായാലും സ്വാഗതാർഹം തന്നെയാണ്.
ഈ അവസരവാദ ‘ത്രിമൂർത്തികളെ’ ചവിട്ടി പുറത്താക്കി പുതിയ നേതൃത്വത്തെ സംസ്ഥാനത്ത് അവരോധിച്ചില്ലങ്കിൽ പാർട്ടിയുടെ മരണമണി മുഴങ്ങുമെന്ന പ്രതിഷേധക്കാരുടെ വാദത്തിന് സോഷ്യൽ മീഡിയകളിൽ വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളും കോലം കത്തിക്കലും നേതാക്കൾക്കെതിരായ ആക്രമണമായി മാറുമോ എന്ന ആശങ്ക പൊലീസിനുമുണ്ട്.
രാജ്യസഭ സീറ്റ് ലീഗ് – കേരള കോൺഗ്രസ്സ് ആവശ്യത്തെ തുടർന്ന് വിട്ടുനൽകാൻ തയ്യാറായ നേതാക്കൾ ഇനി ആരൊക്കെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളാകണമെന്ന് ഘടകകക്ഷികൾ പറഞ്ഞാൽ ഭാവിയിൽ അതും തീരുമാനിക്കില്ലേ എന്ന ചോദ്യവും ഗ്രൂപ്പിന് അതീതമായി പ്രവർത്തകരും നേതാക്കളും ‘ക്യാംപയിനായി’ ഉയർത്തി കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ്സുകാർ തമ്മിലടിക്കുന്നത് കണ്ട് ട്രോളർമാർ പോലും ഇപ്പോൾ അന്തം വിട്ടിരിക്കുകയാണ്. അത്രക്കും കടുത്ത വിമർശനങ്ങളാണ് കോൺഗ്രസ്സ് നേതൃത്വത്തിനു നേരെ സോഷ്യൽ മീഡിയകളിൽ ഉയർന്നു വരുന്നത്.
ഇനി അവസാനമായി ഒരു അഭ്യർത്ഥന രാഷ്ട്രീയ കേരളത്തിന്റെ മനസ്സറിഞ്ഞ് കോൺഗ്രസ്സ് നേതൃത്വത്തോട് . .
“ദയവ് ചെയ്ത് ഇനി പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെയെങ്കിലും കോൺഗ്രസ്സ് തന്നെ നിയമിക്കണം” അതും കൂടി ഘടകകക്ഷികൾക്ക് വിട്ട് കൊടുക്കല്ലേ . .
Team express Kerala