ഗുജറാത്ത് മുഖ്യമന്ത്രിക്ക് ഇത്രയ്ക്കും ഭയമാണോ എസ്.എഫ്.ഐയെ . . . ?

പ്രധാനമന്ത്രി മോദിയുടെ സ്വന്തം തട്ടകത്തില്‍ എസ്.എഫ്.ഐ പേടിയിലാണിപ്പോള്‍ ഒരു മുഖ്യമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രി വിജയഭായ് രൂപാണിയാണ് വിപ്ലവ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ പേടിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ എസ് എഫ് ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയ അസാധാരണ സാഹചര്യമാണ് ഗുജറാത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആരവല്ലി ജില്ലയിലെ എസ് എഫ് ഐ സംഘാടക സമിതി കണ്‍വീനര്‍ മാന്‍സി റാവല്‍, കമ്മിറ്റി അംഗം കവല്‍ എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഗ്രാമമായ ബയാഡില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലായിരുന്നു ഈ അറസ്റ്റ്.

മാന്‍സിയ്ക്ക് ജനുവരി നാലാം തിയ്യതി പരീക്ഷ എഴുതേണ്ടതാണൈന്ന് വ്യക്തമാക്കിയിട്ടും പൊലീസ് അറസ്റ്റില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. ആരവല്ലി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന മാന്‍സി അവിടെയിരുന്നു പഠിയ്ക്കുന്ന ചിത്രം ഒപ്പം അറസ്റ്റിലായ കവല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇരുപതുകാരിയായ ഒരു എസ് എഫ് ഐ പ്രവര്‍ത്തകയെപ്പോലും ഭയപ്പെടുന്ന അവസ്ഥയില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ എത്തി എന്നത് ദയനീയമാണെന്നാണ് എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അറസ്റ്റിനെ കുറിച്ച് പരിഹസിച്ചിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി ദ്രോഹ നിലപാടുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ആരവല്ലിയില്‍ എസ് എഫ് ഐ പ്രവര്‍ത്തനം ഏറെ സജീവമാണ്. മാന്‍സിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തില്‍ പല കോളേജുകളിലും എ.ബി.വി.പി – എന്‍.എസ്.യു സംഘടനകളെ പിന്തള്ളിയാണ് എസ് എഫ് ഐ സ്വാധീനം ഉറപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സഖ്യം അട്ടിമറി വിജയം നേടിയത് ആര്‍.എസ്.എസ് നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. എ.ബി.വി.പി നേതൃത്വത്തില്‍ നിന്നും ഇതു സംബന്ധമായ വിശദീകരണവും ആര്‍.എസ്.എസ് തേടുകയുണ്ടായി. തെരെഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എസ്.എഫ്.ഐ സഖ്യം വിജയിച്ചപ്പോള്‍ ഒറ്റ സീറ്റുകളില്‍ പോലും എ.ബി.വി.പിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാവിപ്പടയെ സംബന്ധിച്ച് അപ്രതീക്ഷിത പ്രഹരമായിരുന്നു ഇത്.

എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തുന്ന ഇടപെടലുകളും പ്രക്ഷോഭങ്ങളുമാണ് സംഘടനയുടെ വളര്‍ച്ചക്ക് പ്രധാന കാരണമായിരുന്നത്. ഇന്റര്‍നെറ്റിന്റെ പുതിയ കാലത്തും വിദ്യാര്‍ത്ഥികളുടെ സിരകളില്‍ അഗ്‌നി പടര്‍ത്താന്‍ വളരെ എളുപ്പത്തില്‍ തന്നെ എസ്.എഫ്.ഐക്കിപ്പോള്‍ സാധിക്കുന്നുണ്ട്. രാജ്യത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ എസ്.എഫ്.ഐ സഹിച്ച അത്രയും ത്യാഗവും പോരാട്ടവും മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും അവകാശപ്പെടാന്‍ പറ്റാത്തതാണ്. 120 ഓളം പ്രവര്‍ത്തകരാണ് എതിരാളികളാല്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 43 ലക്ഷമാണ് നിലവിലെ എസ്.എഫ്.ഐ യുടെ അംഗസംഖ്യ. സി.പി.എമ്മിന് സംഘടനാപരമായി സ്വാധീനമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്.എഫ്.ഐ നടത്തി കൊണ്ടിരിക്കുന്നത് ചരിത്ര മുന്നേറ്റമാണ്.

നിലവില്‍ ഡല്‍ഹി ജെ.എന്‍.യു, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ യൂണിയന്‍ ഭരിക്കുന്നത് എസ്.എഫ്.ഐ സഖ്യമാണ്. രാജസ്ഥാനില്‍ 41 കോളജുകളിലാണ് ഇത്തവണ എസ്.എഫ്.ഐ അട്ടിമറി വിജയം നേടിയിരിക്കുന്നത്. ഇതില്‍ 23 കോളജുകളിലും എസ്.എഫ്.ഐ ഒറ്റക്കാണ് യൂണിയന്‍ ഭരിക്കുന്നത്. ബാക്കിയിടങ്ങളില്‍ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെയാണ് എസ്.എഫ്.ഐ പിടിച്ചെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര ഔറംഗബാദ് അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ മേജര്‍ സീറ്റുകളില്‍ വിജയിച്ചതും എസ്.എഫ്.ഐയാണ്. ഇവിടെ ബീഡ്, നന്ദേദ് ജില്ലകളില്‍ ഭൂരിപക്ഷം കോളജുകളിലും വിജയിച്ചത് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ്. ഡല്‍ഹിയില്‍ തന്നെ ജെ.എന്‍.യുവിന് പുറമെ അംബേദ്കര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും മേജര്‍ സീറ്റുകളില്‍ എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്.

രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ശക്തമായ സംഘടന അടിത്തറ സി.പി.എമ്മിന്റെ ഈ വിദ്യാര്‍ത്ഥി സംഘടനക്കുണ്ട്. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ മാത്രമാണ് എസ്.എഫ്.ഐ ക്ക് സംഘടനാ സ്വാധീനം ഇല്ലാത്തത്. മറ്റിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ പോലും സ്വാധീനം ഇപ്പോഴും ശക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളക്കൂറില്ലാത്ത മണ്ണിലാണ് സി.പി.എമ്മിന്റെ ഈ വര്‍ഗ്ഗ ബഹുജന സംഘടന അത്ഭുതമായി മാറിയിരിക്കുന്നത്. ഭരണകൂടങ്ങള്‍ ഭയക്കുന്നതും എസ്.എഫ്.ഐയുടെ പോരാട്ട വീര്യത്തെ തന്നെയാണ്.

Top