ആരോപണങ്ങള്‍ അത് ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം. പക്ഷേ അത് വിശ്വസിക്കണമെങ്കില്‍ തെളിവുകളുടെ പിന്‍ബലമാണ് വേണ്ടത്. അത് നല്‍കാന്‍ കഴിയാത്തവര്‍ ആരോപണം ഉന്നയിക്കാനും നില്‍ക്കരുത്. ബി.ജെ.പിയുടെ പുതിയ ആവശ്യം മുഖ്യമന്ത്രിയുടെ മകള്‍ വീണയെയും അവരുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യണമെന്നതാണ്. സ്വപ്നക്കൊപ്പം ഇരുത്തി തന്നെ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളുടെ ഒരു പിന്‍ബലവുമില്ലാതെയാണ് ഇത്തരമൊരു ആക്ഷേപം അദ്ദേഹം നടത്തിയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് ഈ പ്രകോപനത്തിന് പ്രധാന കാരണം.
മുഖ്യമന്ത്രിയെ ബി.ജെ.പി ടാര്‍ഗറ്റ് ചെയ്യുന്നത് രാഷ്ട്രീയപരമാണ്. അതാകട്ടെ വ്യക്തവുമാണ്. എന്നാല്‍ കുടുംബാംഗങ്ങളെ വലിച്ചിഴക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്തു എന്ന ഒറ്റ കാരണത്താലാണ് മുഹമ്മദ് റിയാസിനെ ഇപ്പോള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നത്. വീണയും റിയാസും വിവാഹിതരായിട്ട് മൂന്നു മാസം പോലും തികഞ്ഞിട്ടില്ലന്നതും ആരോപകര്‍ ഓര്‍ക്കണം. ഇവര്‍ റിയാസിന്റെ രാഷ്ട്രീയ ജീവിതം മനസ്സിലാക്കുന്നതും നല്ലതാണ്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടുന്ന ശീലം റിയാസിനില്ല. ഒരു ഭരണ സംവിധാനത്തെയും ഇതുവരെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുമില്ല. ചരിത്രത്തില്‍ ആകെ ഒറ്റ തവണ മാത്രമാണ് സെക്രട്ടറിയേറ്റില്‍ റിയാസ് കയറിയിരിക്കുന്നത്. അതാകട്ടെ ഗുജറാത്തില്‍ ജയിലിലടക്കപ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജയ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനൊപ്പവുമായിരുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ മറ്റു നേതാക്കള്‍ക്കൊപ്പമായിരുന്നു ഈ സന്ദര്‍ശനം.
സഹായം അഭ്യര്‍ത്ഥിച്ച് ഈ പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് നിവേദനവും കൈമാറുകയുണ്ടായി. ഈ ഒറ്റ പ്രാവിശ്യം മാത്രമാണ് റിയാസ് ഭരണ സിരാകേന്ദ്രത്തിലെത്തിയിരുന്നത്. സെക്രട്ടറിയേറ്റിനോടെന്ന പോലെ മന്ത്രിമാരുടെ വാഹനങ്ങളോടും റിയാസ് എന്നും അകലം പാലിച്ചിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റു വരെയായ ഒരു വ്യക്തിയുടെ പ്രഖ്യാപിത നിലപാടാണിത്. പ്രാദേശിക നേതാവാകുമ്പോള്‍ തന്നെ സെക്രട്ടറിയേറ്റിന്റെ ഇടനാഴിയിലേക്ക് ഓടുന്നവരുടെ കൂട്ടത്തില്‍ സന്ദീപ് വാര്യര്‍ റിയാസിനെ ഒരിക്കലും കൂട്ടരുത്. അവിടെയാണ് നിങ്ങള്‍ക്ക് വീണ്ടും പിഴച്ചിരിക്കുന്നത്. റിയാസിന്റെ രീതികള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല അറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അധികാര കേന്ദ്രത്തോട് പ്രത്യേക താല്‍പ്പര്യം തോന്നേണ്ട ഒരു കാര്യവും റിയാസിനില്ല. കാരണം ഇന്ത്യന്‍ പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ രണ്ടു തവണ വാങ്ങിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ് റിയാസ്. കണ്ണൂര്‍ എസ്.പിയായും കോഴിക്കോട് കമീഷണറായും തിളങ്ങിയ പി.എം അബ്ദുള്‍ ഖാദറാണ് റിയാസിന്റെ പിതാവ്. പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ തന്നെയാണ് എസ്.എഫ്.ഐ യിലൂടെ റിയാസ് രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നത്.
നിരവധി തവണ പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ ഈ യുവ നേതാവ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാത്രം,ൃ വിവിധ ഘട്ടങ്ങളിലായി നൂറിലധികം ദിവസമാണ് ജയലില്‍ കഴിഞ്ഞിരിക്കുന്നത്. പിതാവിന്റെ സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം പോലും ഒരു ഘട്ടത്തിലും റിയാസ് പറ്റിയിട്ടില്ല. ഒറ്റയടിക്കല്ല റിയാസ് നേതൃപദവിയിലെത്തിയത്. പടിപടിയായി തന്നെയാണ് കയറി വന്നിട്ടുള്ളത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെ തന്നെ സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ സിറ്റി സെക്രട്ടറിയുമായിരുന്നു റിയാസ്. 2011 – 16 വരെയുള്ള ആ കാലഘട്ടത്തില്‍ മെമ്പര്‍ഷിപ്പ് എടുപ്പിക്കാന്‍ റിയാസും സഖാക്കളും പാതിരാത്രിയില്‍ പോലും റെയില്‍വെ സ്റ്റേഷനില്‍ എത്തിയത് ഓട്ടോറിക്ഷ തൊഴിലാളികളില്‍ പലരും ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വിവിധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാല്‍ ഇപ്പോഴും നിരവധി കേസുകളില്‍ പ്രതിയാണ് മുഖ്യമന്ത്രിയുടെ ഈ മരുമകന്‍. മുംബൈയിലും ഡല്‍ഹിയിലും പോലും റിയാസിനെതിരെ കേസുകളുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നയിച്ചതിന് ഈ രണ്ട് സംസ്ഥാനങ്ങളില്‍ പൊലീസ് മര്‍ദ്ദനത്തിനും അദ്ദേഹം ഇരയായിട്ടുണ്ട്.
തമിഴ് നാട്ടില്‍ സവര്‍ണ്ണരുടെ മര്‍ദ്ദനമേറ്റ് ദളിതനായ അശോകന്‍ കൊല്ലപ്പെട്ടപ്പോള്‍ സവര്‍ണ്ണരുടെ ഭീഷണി വകവയ്ക്കാതെ ശവമഞ്ചം തോളിലേറ്റുന്നതിന് ഒപ്പം നിന്നതും റിയാസാണ്. ഒരു ഭീഷണിക്കും വഴങ്ങുന്ന ശീലം ചെറുപ്പം മുതല്‍ തന്നെ ഈ കമ്യൂണിസ്റ്റിനില്ല. തലയില്‍ തൊപ്പി ധരിച്ചതിന് കാവിക്കൂട്ടം ട്രയിനില്‍ വച്ച് തല്ലിക്കൊന്ന ജുനൈദ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന്,സഹായഹസ്തവുമായി ആദ്യമെത്തിയതും ഡി.വൈ.എഫ്.ഐ പ്രസിഡന്റ് മുഹമ്മദ് റിയാസ് തന്നെയാണ്. പിന്നീട് ഇദ്ദേഹം ഇടപെട്ടാണ് ജുനൈദിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയെ കൊണ്ട് ധനസഹായം നല്‍കിച്ചിരുന്നത്. തുത്തുക്കുടി വെടിവയ്പ്പ് നടന്നപ്പോഴും ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവിടെയും റിയാസും ഡി.വൈ.എഫ്.ഐയും സജീവമായിരുന്നു. ചാനല്‍ സ്റ്റുഡിയോകളില്‍ ഇരുന്ന് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇതൊന്നും തന്നെ ബോധ്യമാകില്ല. അവര്‍ ആരോപണ ശരങ്ങള്‍ എയ്തു കൊണ്ട് തന്നെ ഇരിക്കും. അവസാനം അത് തിരിച്ച് തറക്കുമ്പോള്‍ മാത്രമാണ് വേദനയുടെ നോവ് ആരോപകര്‍ക്കും മനസ്സിലാകുക. അതു തന്നെയാണ് ചരിത്രവും.