പാർട്ടി സെക്രട്ടറി ‘മൗനി ബാബ’യോ ? കോടിയേരിയുടെ മൗനം അപകടകരം

ഷ്യാനെറ്റിന്റെ കാര്യത്തില്‍ എടുത്ത തീരുമാനം പാളിപ്പോയോ എന്നത് സംബന്ധിച്ച് പുനര്‍വിചിന്തനം നടത്താന്‍ സി.പി.എം നേതൃത്വം തയ്യാറാവണം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എം.ജി രാധാകൃഷ്ണന്‍ അന്തരിച്ച സി.പി.എം നേതാവ് പി .ഗോവിന്ദപ്പിള്ളയുടെ മകനാണെന്ന പരിഗണന പാര്‍ട്ടി നേതൃത്വം ആ ചാനലിനോട് കാണിച്ചതിനാണ് ഇപ്പോള്‍ സംസ്ഥാനത്തെ സി.പി.എം പ്രവര്‍ത്തകരാകെ പ്രതിരോധത്തിലായിരിക്കുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ആ സ്ഥാപനത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ കാര്യമില്ല. ആ മാധ്യമ സ്ഥാപനത്തിന്റെ അജണ്ടക്ക് അനുസരിച്ച് മാത്രമേ അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ.

ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന് ഉടമസ്ഥാവകാശമുള്ള ചാനലാണത്. ഈ ചാനലില്‍ നിന്നും കൂടുതലായി സഖാക്കള്‍ ഒന്നും പ്രതീക്ഷിക്കരുത്. നേരോടെ നിര്‍ഭയം നിരന്തരം എന്നൊക്കെ അവര്‍ പറയും പക്ഷേ കമ്യൂണിസ്റ്റുകളെയാണ് നിരന്തരം ആക്രമിക്കുക. ഈ ബോധം എല്ലാ സി.പി.എം പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരിക്കണം. ബഹിഷ്‌ക്കരണം പുതിയ കാലത്ത് ഒന്നിന്നും ഒരു പരിഹാരമല്ല. എതിരാളിയുടെ ‘കളത്തില്‍’ കയറി അവന്റെ വായടപ്പിക്കുക എന്നത് തന്നെയാണ് തന്ത്രം. അതിന് ചാനല്‍ ചര്‍ച്ചയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയകളെയാണ് ഉപയോഗപ്പെടുത്തേണ്ടത്. ഒരു മൊബൈല്‍ ഫോണ്‍ കൈവശമുള്ളവന്‍ പോലും മാധ്യമ പ്രവര്‍ത്തകനാകുന്ന പുതിയ കാലത്ത് കടന്നാക്രമണം പോലെ തന്നെ പ്രതിരോധവും എളുപ്പമാണ്.

ഇവിടെ ഏഷ്യാനെറ്റിന്റെ കാര്യത്തില്‍ സി.പി.എം എടുത്ത രണ്ട് തീരുമാനവും ശരിയായിരുന്നുവോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമാണ് പുനര്‍വിചിന്തനം നടത്തേണ്ടത്. ബഹിഷ്‌ക്കരണം തെറ്റായിരുന്നെങ്കില്‍ ബഹിഷ്‌ക്കരണം പിന്‍വലിച്ചതും തെറ്റായ തീരുമാനം തന്നെയാണ്. ചാനലിന്റെ നിലപാടില്‍ ഒരു മാറ്റവും ഏഷ്യാനെറ്റ് വരുത്താതെ തന്നെയാണ് ബഹിഷ്‌ക്കരണവും സി.പി.എം പിന്‍വലിച്ചിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടാത്ത നിലപാടാണിത്. അതു കൊണ്ടാണ് ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വ്യാപകമായി വിമര്‍ശനം നേരിടുന്നത്.

ചാനലില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സഖാവ് അപമാനിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത സി.പി.എം സംസ്ഥാന സെക്രട്ടറിക്കുണ്ട്. അവിടെ സ്വന്തം വ്യക്തിതാല്‍പ്പര്യം പാര്‍ട്ടി സെക്രട്ടറിക്കും തടസ്സമാകരുതായിരുന്നു. വി.പി.പി മുസ്തഫയുടെ കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിക്കേണ്ടത് തന്നെയായിരുന്നു. അതുണ്ടാകാതിരുന്നത് കഷ്ടമാണ്. ബിനീഷ് കോടിയേരിക്കെതിരായി വിനു വി.ജോണ്‍ വിമര്‍ശനം ശക്തമാക്കുമെന്ന് ഭയന്നാണ് ഈ മൗനമെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് തന്നെ പറയേണ്ടി വരും. ഒരു ഔദാര്യവും വിനു വി ജോണില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ഇക്കാര്യത്തില്‍ കോടിയേരി പ്രതീക്ഷിക്കേണ്ടതില്ല. അത് താമസിയാതെ തന്നെ കോടിയേരിക്ക് മനസ്സിലാകുന്നതുമാണ്.

നേതാക്കളുടെ മക്കളുടെ ചെയ്തികള്‍ പാര്‍ട്ടിയുടെ ശബ്ദത്തിന് കൂച്ച് വിലങ്ങായി മാറാന്‍ ഒരിക്കലും പാടില്ല. കേരളത്തിലെ ലക്ഷക്കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ബഹിഷ്‌ക്കരണ തീരുമാനം എടുത്തവര്‍ക്ക് അതില്‍ ഉറച്ച് നില്‍ക്കാനുള്ള ബാധ്യതയും ഉണ്ട്. പ്രത്യേകിച്ച് ബഹിഷ്‌ക്കരണത്തിന് ഇടയാക്കിയ കാര്യത്തില്‍ ഒരു മാറ്റവും വരുത്താത്ത സാഹചര്യത്തില്‍ എന്തിന് ബഹിഷ്‌ക്കരണം പിന്‍വലിച്ചെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ വിമര്‍ശനം ഉന്നയിക്കാന്‍ സി.പി.എം അനുഭാവികള്‍ തയ്യാറായത് ഞെട്ടിക്കുന്ന കാര്യമാണ്.

സി.പി.എമ്മിനെ പോലെ ശക്തമായ കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ അസാധാരണമാണ്. പാര്‍ട്ടിയെയല്ല പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെയാണ് ഇവിടെ സി.പി.എം അനുഭാവികള്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21ന് ബുധനാഴ്ച നടന്ന ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ യാസിര്‍ എടപ്പാളിന്റെ ഫേസ്ബുക്ക് പോസ്റ്റ് സി.പി.എം പ്രതിനിധി വി.പി.പി.മുസ്തഫ വായിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതില്‍ അശ്ലീല പദപ്രയോഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചായിരുന്നു ചാനല്‍ അവതാരകനായ വിനു വി ജോണ്‍ ശക്തമായി പ്രതികരിച്ചിരുന്നത്. ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാര ശൂന്യരെ ദയവ് ചെയ്ത് സി.പി.എം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുതെന്നും വിനു വി ജോണ്‍ തുറന്നടിച്ചിരുന്നു. ഇതാണ് കോലാഹലമുയര്‍ത്തിയത്.

എന്ത് കണ്ടിട്ടാണ് ഏഷ്യാനെറ്റിലേക്ക് വീണ്ടും സഖാക്കളെ അയക്കുന്നതെന്നും സഖാവ് മുസ്തഫയെ സംസ്‌ക്കാര ശൂന്യന്‍ എന്ന് വിളിച്ചപ്പോള്‍ നിങ്ങള്‍ക്ക് വേദനിച്ചുകാണില്ലെന്നും എന്നാല്‍ സഖാക്കള്‍ക്ക് വേദനിച്ചെന്നുമാണ് ഫേസ്ബുക്കില്‍ സഖാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. സി.പി.എം പ്രതിനിധികളെ ഏഷ്യാനെറ്റ് ചര്‍ച്ചയിലേക്ക് അയച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ഒരു മാസം ഇവിടെയെന്തെങ്കിലും സംഭവിച്ചിരുന്നോ എന്നുമാണ് മറ്റു ചിലര്‍ ചോദിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ഇനിയും പങ്കെടുക്കുന്നതിനെ കുറിച്ച് പുനപരിശോധന നടത്തണമെന്നും അണികള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് താങ്കള്‍ക്ക് എന്തുറപ്പാണ് തന്നതെന്ന് വിശദീകരികരിക്കണമെന്നും മറ്റൊരു വിഭാഗം കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന അപേക്ഷയോടെ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഈ തെറ്റ് തിരുത്തി ബഹിഷ്‌ക്കരണം തുടരണമെന്ന ആവശ്യമാണ് ഇവരെല്ലാം മുന്നോട്ട് വച്ചിരിക്കുന്നത്. പ്രമുഖ സി.പി.എം നേതാക്കളും അണികളുടെ ഈ വികാരത്തിനൊപ്പം തന്നെയാണുള്ളത്. ബന്ധപ്പെട്ട ഘടകത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് അവരും തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം സംഭവിച്ച കാര്യത്തില്‍ വിശദീകരണവുമായി വി .പി.പി മുസ്തഫയും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.’തികച്ചും അടിസ്ഥാനരഹിതമായ ചര്‍ച്ചയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നതെന്നും അങ്ങനെ ഒരു വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചതിന്റെ രാഷ്ട്രീയം വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നുമാണ് വി.പി.പി.മുസ്തഫ വ്യക്തമാക്കിയിരിക്കുന്നത്.’മാന്യനായ ഒരു പ്രവാസിയെ’ കെ.ടി.ജലീല്‍ അന്യായമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായും അതിനെ എതിര്‍ക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് മുസ്തഫ പറയുന്നത്.

മാന്യനായ പ്രവാസിയായി അവതരിപ്പിക്കപ്പെട്ടയാള്‍ അത്തരത്തില്‍ ഒരു മാന്യനല്ലെന്നും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോലും പറ്റിയ ആളല്ലെന്നും വിശദീകരിക്കേണ്ടത് സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയില്‍ തന്റെ കടമയാണെന്നും മുസ്തഫ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയാള്‍ എത്രമാത്രം സ്ത്രീവിരുദ്ധനാണെന്നതും സാമൂഹ്യവിരുദ്ധനാണെന്നതും സ്ഥാപിച്ചിട്ടല്ലാതെ ഈ ചര്‍ച്ച തുടരാനാകുമോ എന്നാണ് മുസ്തഫ ചോദിച്ചിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മുസ്തഫയുടെ വാദം ശരിയുമാണ്. തെറ്റ് പറ്റിയത് ഏഷ്യാനെറ്റ് അവതാരകനാണ്.

യാസിര്‍ എടപ്പാളിന്റെ ശരിയായ മുഖം പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ അയാളുടെ പോസ്റ്റുകളിലെ മൂന്നോ നാലോ വരികള്‍ വായിച്ചതില്‍ എന്ത് തെറ്റാണുള്ളത്? കെ.ആര്‍ മീര ചൂണ്ടിക്കാട്ടിയതു പോലെ തെറി വിളിച്ചതു യാസിര്‍ എടപ്പാള്‍ തന്നെയാണ്. തെറി കേട്ടതാകട്ടെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയ്ക്കുമാണ്. പക്ഷേ ചാനലിനെ വേദനിപ്പിച്ചത് യാസിര്‍ എടപ്പാളല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവതാരകന്‍ പ്രേക്ഷകരോടു ക്ഷമ ചോദിച്ചത് ഈ യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ലെന്നും മീര ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതൃഭൂമി ചര്‍ച്ചയില്‍ നിന്നും യാസര്‍ എടപ്പാളിനെ ഇറക്കിവിട്ട മാന്യതയാണ് ഇവിടെ ഏഷ്യാനെറ്റിന് പിന്തുടരാന്‍ കഴിയാതെ പോയത്. അവര്‍ക്ക് തെറി പറഞ്ഞവന്‍ വിശുദ്ധനും അത് ചൂണ്ടിക്കാട്ടിയവന്‍ പാപിയുമായാണ് മാറിയിരിക്കുന്നത്. ഇതു തന്നെയാണ് സി.പി.എം പ്രവര്‍ത്തകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

Top