പ്രതിപക്ഷ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ തന്ത്രപരമായ നീക്കവുമായി പിണറായി സര്‍ക്കാര്‍. രണ്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ അന്വേഷണങ്ങള്‍ വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രതികരണമാണിത്. ഈ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇത് തുടരും. പാലം നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
പലിശ ഇളവ് നല്‍കാന്‍ അന്ന് മന്ത്രി ആവശ്യപ്പെട്ടുവെന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജും മൊഴി നല്‍കിയിട്ടുണ്ട്. ഇതും ഇബ്രാഹിം കുഞ്ഞിനെ വെട്ടിലാക്കുന്ന തെളിവുകളാണ്. ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ഇപ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് പ്രതിയാക്കിയാല്‍ യു.ഡി.എഫ് വലിയ രൂപത്തിലാണ് പ്രതിരോധത്തിലാകുക. പിന്നീട് അറസ്റ്റിലേക്കും കാര്യങ്ങള്‍ നീളും. ഈ കേസില്‍ ഐ.എ.എസുകാരനെ ബലിയാടാക്കിയതിനെതിരെ നിലവില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധമുണ്ട്. കോടികള്‍ ചെലവഴിച്ച് രണ്ടു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലമാണ് തുറന്ന് അധികം താമസിയാതെ തന്നെ പൊളിക്കേണ്ടി വന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ നിര്‍മ്മാണ അഴിമതികളില്‍ ഒന്നാണിത്.
പുതിയ പാലം നിര്‍മ്മിക്കാനുള്ള ചിലവ് ഡി.എം.ആര്‍.സിയുടെ മിച്ചം വന്ന ഫണ്ടില്‍ നിന്നാണ് ചില വഴിക്കുക. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ സംഖ്യക്കാണ് പൂര്‍ത്തിയാക്കിയിരുന്നത്. ഇതു മൂലം ബാക്കി വന്ന 17.4 കോടി നിലവില്‍ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാനാണ് നീക്കം. ഇക്കാര്യം മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അഴിമതി കൊടികുത്തി വാഴുന്ന നിര്‍മ്മാണ മേഖലയില്‍ നല്‍കിയ പണത്തില്‍ തന്നെ മിച്ചമുണ്ടായത് സര്‍ക്കാറിനെ പോലും അത്ഭുതപ്പെടുത്തിയ കാര്യമാണ്. ഇ ശ്രീധരന്റെ സത്യസന്ധത കൂടിയാണ് ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. 39 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് അതിനേക്കാള്‍ എത്രയോ കുറഞ്ഞ ചിലവില്‍ പുനര്‍ നിര്‍മ്മിക്കാന്‍ പോകുന്നത്.
ഇപ്പോഴത്തെ പാലത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത് ശാശ്വത പരിഹാരമല്ലെന്ന ശ്രീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പൊളിച്ചുമാറ്റാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന പാലം നിര്‍മ്മാണത്തിലെ അഴിമതി തിരഞ്ഞെടുപ്പില്‍ വലിയ പ്രചരണമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടായാല്‍ അതിന് ഇനി വലിയ മാനങ്ങളാണുണ്ടാകുക. നിലവില്‍ കളമശ്ശേരി എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമാണ് ഇബ്രാഹിം കുഞ്ഞ്. ഇതു പോലെ തന്നെ ലീഗിന്റെ മറ്റൊരു മുതിര്‍ന്ന നേതാവാണ് മഞ്ചേശ്വരം എം.എല്‍.എ ഖമറുദ്ദീന്‍. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിലവില്‍ ഇദ്ദേഹവും പ്രതിയാണ്. 150 കോടി രൂപയോളം എം.എല്‍.എയും സംഘവും തട്ടിയെടുത്തെന്നാണ് ആരോപണം.
ചന്തേരയില്‍ 41 ഉം കാസര്‍കോട് 12 ഉം പയ്യന്നൂരില്‍ ഒമ്പതും ഉള്‍പ്പെടെ ആകെ 62 പേരുടെ പരാതിയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി നേരിട്ട് കാസര്‍ഗോഡ് എത്തി കേസിന്റെ പുരോഗതി വിലയിരുത്തിയതോടെ ഖമറുദ്ദീനെതിരായ കുരുക്കാണ് മുറുകിയിരിക്കുന്നത്. എം.എല്‍.എയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ യു.ഡി.എഫിന് അതുണ്ടാക്കുന്ന ഡാമേജ് ചെറുതായിരിക്കില്ല. അറസ്റ്റ് ഒഴിവാക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ ലീഗ് നടത്തുന്നുണ്ടെങ്കിലും അതും ഇപ്പോള്‍ എവിടെയും എത്തിയിട്ടില്ല. ജൂവലറിയുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ ലീഗ് നേതൃത്വത്തിന് തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. തട്ടിപ്പ് കേസില്‍ മധ്യസ്ഥശ്രമം നടത്തുന്നതിനെതിരെ ലീഗിലും ഭിന്നത രൂക്ഷമാണ്. ഇതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഖമറുദ്ദീനെ പുറത്താക്കിയാല്‍ കാസര്‍ഗോട്ട് പാര്‍ട്ടി പിളരുമെന്ന ഭീഷണിയും അനുയായികള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഞ്ചേശ്വരത്ത് വീണ്ടും ഖമറുദ്ദീന്‍ തന്നെ മത്സരിക്കുമെന്നതാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ശക്തമായാണ് എതിര്‍ക്കുന്നത്. കളമശ്ശേരിയിലും സമാന സാഹചര്യമാണ് മുസ്ലീം ലീഗ് നേരിടുന്നത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് യു.ഡി.എഫില്‍ തന്നെ കടുത്ത ഭിന്നതയുണ്ട്. ഈ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെങ്കില്‍ അത് സംസ്ഥാനത്ത് യു.ഡി.എഫിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തുന്ന യു.ഡി.എഫിന്റെ രണ്ട് എം.എല്‍.എമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അതിനെ പൊതുസമൂഹത്തില്‍ ന്യായീകരിക്കാന്‍ ഒരിക്കലും പ്രതിപക്ഷത്തിന് കഴിയുകയില്ല. അങ്ങനെ ചെയ്താല്‍ അത് തിരിച്ചടിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇത്തരമൊരു സാഹചര്യമാണ് ഇടതുപക്ഷവും ആഗ്രഹിക്കുന്നത്. ഇതിനു പുറമെ മറ്റൊരു വലിയ ‘ആയുധവും’ യു.ഡി.എഫിനെതിരെ ഇടതുപക്ഷം കരുതിവച്ചിട്ടുണ്ട്. ‘ക്ലൈമാക്‌സില്‍’ അത് എന്താണെന്ന് വ്യക്തമാകുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങളെ, യു.ഡി.എഫ് നേതൃത്വം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട സമരം എങ്ങനെ അവസാനിപ്പിക്കും എന്ന ചിന്തയും യു.ഡി.എഫ് നേതൃത്വത്തെ അലട്ടുന്നുണ്ട്.
ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ ‘അജണ്ടക്കൊപ്പം’ നില്‍ക്കുന്നു എന്ന ആക്ഷേപം യു.ഡി.എഫ് പാളയത്തിലും ശക്തമാണ്. ഖുറാനെ സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴക്കുന്നതില്‍ മുസ്ലീം സംഘടനകളും രോഷത്തിലാണ്. ലീഗ് അനുകുല ‘സമസ്ത’ തന്നെ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന നടത്തി കഴിഞ്ഞു. ജലീല്‍ വിരോധത്തില്‍ ലീഗ് ഖുറാനെ വലിച്ചിഴക്കുകയാണെന്ന ആരോപണമാണ് സി.പി.എം ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞു കഴിഞ്ഞു. ഇതും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ‘കൈ’ കൊടുത്ത ന്യൂനപക്ഷ വിഭാഗം നിയമസഭ തിരഞ്ഞെടുപ്പില്‍ ‘കൈ’ വിട്ടാല്‍ അത് ആ മുന്നണിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലാണ് കലാശിക്കുക.