ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തല പ്രതിരോധത്തിലായതോടെ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിന് വലിയ തിരിച്ചടിയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ഇന്ദിരാ ഭവനിലെത്തി നേരിട്ടു തന്നെ കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം. ചെന്നൈയിലെ ഒരു പ്രമുഖ ടെക്സ്റ്റെയില്‍സിന്റെ വലിയ ബാഗില്‍ ആയിരത്തിന്റെ നോട്ട് അടുക്കിവച്ചായിരുന്നു എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബാഗുമായി ചെന്നിത്തലയ്ക്ക് മുമ്പിലെത്തിയപ്പോള്‍ ഓഫീസിന് പിറകിലെ റൂമില്‍ വയ്ക്കാന്‍ പറഞ്ഞെന്നും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.
ബാര്‍, ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കച്ചവടമത്രെ. ഇതിനായി 2012ലെ പ്രീ ബജറ്റ് ചര്‍ച്ചയെ ഉപയോഗിച്ചതായും ബിജു രമേശ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ കേരളത്തെ അമ്പരിപ്പിച്ച വെളിപ്പെടുത്തലാണിത്. കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പ് നേതാവായ അടൂര്‍ പ്രകാശ് എം.പിയുടെ അടുത്ത ബന്ധുവായ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഐ ഗ്രൂപ്പ് നേതാക്കളെയും ഇതിനകം തന്നെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ മാറുന്ന ഗ്രൂപ്പ് സമവാക്യമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്. പുതിയ വിവാദത്തോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ എല്ലാ പഴിയും ചെന്നിത്തലയില്‍ ചുമത്താനാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിവാദങ്ങളില്‍ അസ്വസ്ഥനാണ്. മുന്നണിക്ക് തിരിച്ചടി നേരിട്ടാല്‍ അത് കെ.പി.സി.സിയുടെ തിരിച്ചടിയായി അംഗീകരിക്കാന്‍ മുല്ലപ്പള്ളിയും ഇനി തയ്യാറാകില്ല. ബാര്‍ക്കോഴ കേസില്‍ തനിക്കെതിരെ മുന്‍പ് അന്വേഷണം നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ അവകാശവാദമാണ് മാധ്യമങ്ങളിപ്പോള്‍ പൊളിച്ചിരിക്കുന്നത്. ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവെന്നാണ് ചെന്നിത്തല അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേരില്ലായിരുന്നുവെന്ന വിവരമാണ് പുറത്തായിരിക്കുന്നത്. രഹസ്യമൊഴിയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടിരിക്കുന്നത്.
തിരുവനന്തപുരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കെ.എം.മാണി, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവരുടെ പേരാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്. ഇവര്‍ക്ക് പണം നല്‍കിയെന്നതാണ് മൊഴിയിലെ ബിജു രമേശിന്റെ പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണവും നടത്തിയിരുന്നത്. രഹസ്യമൊഴിയില്‍ പേരില്ലാത്ത ചെന്നിത്തലക്കെതിരെ അന്ന് അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് ബിജു രമേശും നിലവില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചെന്നിത്തലയും ഭാര്യയും തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിച്ചുവെന്നാണ് ബിജുരമേശിന്റെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതിയും നല്‍കിയിട്ടുണ്ട്. കാബിനറ്റ് റാങ്കുള്ളതിനാല്‍ ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതിയും തേടിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് തനിക്കെതിരെ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചതാണെന്നും പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ചെന്നിത്തല തന്നെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നത്. രേഖാമൂലം നല്‍കിയ ഈ കത്താണ് ചെന്നിത്തലക്കിപ്പോള്‍ വലിയ കുരുക്കായിരിക്കുന്നത്.
ചെന്നിത്തല കൈക്കൂലി വാങ്ങിയാലും ഇല്ലെങ്കിലും പറഞ്ഞത് കള്ളമാണ് എന്ന കാര്യം മൊഴി പുറത്ത് വന്നതോടെ തെളിഞ്ഞു കഴിഞ്ഞു. ഇങ്ങനെ കള്ളം പറയുന്ന ഒരാള്‍ എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരിക്കുമെന്നാണ് ഭരണപക്ഷവും ചോദിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ കള്ളനാക്കി ചിത്രീകരിച്ചവരാണിപ്പോള്‍ യഥാര്‍ത്ഥത്തില്‍ കള്ളത്തരം പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഒരാളാണോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ് അനുയായികളും ഉള്ളത്.