മോസ്‌ക്കോ: ലോകത്തെ കോടിക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിയ ദയനീയ പരാജയത്തിന്റെ ഞെട്ടലില്‍ കണ്ണീര്‍ക്കടലായി അര്‍ജന്റീന.
എല്ലാം കോച്ചിന്റെ തലയില്‍ വച്ച് വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്ത മത്സരത്തിന് ഈ കോച്ചിനെയും കൊണ്ടു പോയാല്‍ വിവരമറിയുമെന്ന ഭീഷണി ആരാധകര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
ഐ.എസ് തീവ്രവാദികള്‍ മെസ്സിക്ക് നേരെ ഉയര്‍ത്തിയ വധ ഭീഷണിയാണ് താരത്തിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയതെന്ന് വിശ്വസിക്കുന്നവരാണ് ആരാധകരില്‍ ഒരു വിഭാഗം.
റഷ്യയിലെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മെസ്സിയുടെ പ്രതിരൂപത്തിന് നേരെ വെടിയുതിര്‍ക്കുന്ന ഐ.എസ് തീവ്രവാദിയുടെ ദൃശ്യം പുറത്ത് വന്നിരുന്നു.
ഇതേ തുടര്‍ന്ന് അര്‍ജന്റീന ടീമിനും മെസ്സിക്കും കനത്ത സുരക്ഷയാണ് റഷ്യന്‍ പ്രസിഡന്റ് ഇടപെട്ട് ഏര്‍പ്പെടുത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മെസ്സിയെയും പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയെയും വെടിവച്ചു കൊല്ലുമെന്ന് ഐ.എസ് ഭീഷണി മുഴക്കി വീഡിയോ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് റൊണാള്‍ഡോയെ ഒഴിവാക്കി മെസ്സിയെ ആണ് തീവ്രവാദികള്‍ ടാര്‍ഗറ്റ് ചെയ്തിരുന്നത്.
അര്‍ജന്റീന ടീം അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും ഭീഷണി കോളുകള്‍ പോയിരുന്നുവെന്നും ഇത് അധികൃതര്‍ പുറത്ത് വിടാതെ ഇരിക്കുകയാണെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഐസ്ലാന്‍ഡുമായുള്ള ആദ്യ കളി മുതല്‍ കടുത്ത സമ്മര്‍ദ്ദത്തിലും ആശങ്കയിലുമായിരുന്നു അര്‍ജന്റീന ടീം കളിക്കളത്തില്‍ ഇറങ്ങിയത് എന്നതില്‍ തന്നെ ‘അപകടം’ തോന്നിയതായാണ് വാര്‍ത്താ ലേഖകര്‍ ചൂണ്ടിക്കാട്ടുന്നത്.
‘ ഇത് തങ്ങളുടെ അര്‍ജന്റീനയല്ല . . ഇതല്ല മെസ്സി ‘ എന്നിങ്ങനെ പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞുമാണ് അര്‍ജന്റീനയുടെ ആരാധകര്‍ മത്സരത്തിനു ശേഷം സ്റ്റേഡിയം വിട്ടത്.
ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നിലും ടി.വികള്‍ക്ക് മുന്നിലും നിദ്രയെ ആട്ടിയകറ്റി ആവേശപൂര്‍വ്വം കളി കാണാനിരുന്ന ലോകത്തെ കോടിക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ക്രൊയേഷ്യ മൂന്ന് വട്ടം അര്‍ജന്റീനയുടെ വല കുലുക്കിയത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച് നിന്നു പോയി.
ഭാഗ്യം എന്ന ഒന്ന് ഇല്ലെങ്കില്‍ അടുത്ത കളിയോടെ അര്‍ജന്റീന ലോകകപ്പ് കളത്തിന് പുറത്താകുമെന്ന് ഉറപ്പാണെങ്കിലും അത് സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.
Video of an Islamic State (#ISIS) fighter in #Hijjin firing at a target which wears a shirt of @FCBarcelona pic.twitter.com/9e9kH5fDor
— Nidalgazaui (@Nidalgazaui) 14 June 2018
അര്‍ജന്റീനയില്ലാത്ത ലോകകപ്പ് മത്സരത്തിന് പകിട്ട് കുറയുമെന്നതിനാല്‍ എതിര്‍ ടീമുകള്‍ പോലും ആഗ്രഹിക്കുന്നത് അര്‍ജന്റീന കളത്തില്‍ വേണമെന്ന് തന്നെയാണ്.