ജറുസലേം: ആഭ്യന്തര തര്‍ക്കങ്ങള്‍ നമ്മെ ഭിന്നിപ്പിക്കുമ്പോള്‍ ശത്രു ആഘോഷിക്കുകയാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹര്‍സോഗ് പറഞ്ഞു.ഇസ്രായേലിലെ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള ഭിന്നത പരസ്യമാക്കി ഐസക് ഹര്‍സോഗ്.രാഷ്ട്രീയ പ്രചാരണങ്ങളില്‍നിന്നും പരസ്യമായ അഭിപ്രായപ്രകടനങ്ങളില്‍നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
”നമ്മള്‍ പരസ്പരം പോരടിക്കുന്നത് കാണാന്‍ ശത്രു കാത്തിരിക്കുകയാണ്. അനാവശ്യ തര്‍ക്കങ്ങളില്‍നിന്ന് നേതൃത്വം വിട്ടുനില്‍ക്കണം. ഈ ദുഷ്‌കരമായ സമയത്ത് ആഭ്യന്തര തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടരുത്. നമ്മള്‍ തകന്നുപോകരുത്, തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കണം”-രാഷ്ട്രത്തോട് നടത്തിയ വികാരാധീന പ്രസംഗത്തില്‍ ഹെര്‍സോഗ് പറഞ്ഞു.
ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരെയോര്‍ത്ത് ഹൃദയം വേദനയും ദുഃഖവും കൊണ്ട് വിറയ്ക്കുകയാണെന്ന് ഹെര്‍സോഗ് പറഞ്ഞു. സൈനികരുടെ ധീരതയേയും ത്യാഗത്തേയും രാജ്യം ഓര്‍ക്കുന്നു. അവര്‍ ഉത്തരവാദിത്വത്തോടെയും ഉറച്ച തീരുമാനത്തോടെയുമാണ് പോരാടുന്നത്. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ച് വീട്ടിലെത്തിക്കുന്നത് വരെ നമുക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.