തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമാക്കിയ വിവരവകാശ രേഖ പുറത്ത്.
ഓൺലൈൻ ക്ലാസുകളിലേക്ക് ഒതുങ്ങി കുട്ടികൾ വീടുകളിൽ തന്നെ കഴിഞ്ഞ രണ്ട് വർഷത്തെ കൊവിഡ് കാലം. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങൾ തുടർച്ചയായി സ്കൂളുകളിലേക്ക് എത്തിയില്ല. എന്നാൽ സ്വന്തം വീടുകൾ തന്നെയാണോ കുട്ടികൾക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ. 2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കൊവിഡ് കാലത്ത് വർധനവ് 767ലെത്തി. അതായത് ലോക്ഡൗൺ കാലത്ത് വർധനവ്.