ഇഷാന്‍ കിഷനെ സഹതാരങ്ങൾക്ക് പോലും ബന്ധപ്പെടാനാകുന്നില്ല; താരം അജ്ഞാതവാസത്തിൽ

മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ആദ്യത്തെയോ രണ്ടാമത്തെയോ ചോയ്സായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമയാ കാരണങ്ങള്‍ പറഞ്ഞ് കിഷന്‍ ഇന്ത്യയിലേക്ക് മടങ്ങിയതോടെ താരത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവി തന്നെ വലിയ ചോദ്യചിഹ്നമാകുകയാണ്.

2022 ഡിസംബറില്‍ റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ ഐപിഎല്ലിനിടെ കെ എല്‍ രാഹുലും പരിക്കേറ്റ് മടങ്ങിയതോടെയാണ് ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ടീം ഇന്ത്യയുടെ നമ്പര്‍ വണ്‍ ചോയ്സായത്. ബംഗ്ലാദേശിനെതിരെ ഏകദിന ഡബിള്‍ നേടിയ കിഷന്‍ അടുത്തകാലത്തൊന്നും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്ന് പുറത്താവില്ലെന്ന് കരുതിയവരാണേറെയും. സഞ്ജു സാംസണും ജിതേഷ് ശര്‍മക്കും കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ പരിഗണന പലപ്പോഴും കിഷന് കിട്ടുന്നത് മുംബൈ ഇന്ത്യന്‍സ് താരമായതുകൊണ്ടാണെന്ന് പോലും വിലയിരുത്തലുണ്ടായി.

ടി20 ക്രിക്കറ്റില്‍ തുടക്കം മുതല്‍ അടിച്ചു കളിക്കാന്‍ കഴിയാത്തതും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയാത്തതും കിഷനെ പലപ്പോഴും പ്രതിരോധത്തിലാക്കിയെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിച്ച സെലക്ടര്‍മാര്‍ അപ്പോഴൊന്നും സഞ്ജുവിനെയോ ജിതേഷിനെയോ പരിഗണിച്ചില്ല. ജൂണിൽ ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പ് പ്രാഥമിക റൗണ്ടിലും കിഷനായിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. സഞ്ജു റിസര്‍വ് താരം മാത്രമായിരുന്നു.

എന്നാല്‍ കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ കിഷന്‍ സൈഡ് ബെഞ്ചിലായി. പിന്നീട് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി മൂലം കളിക്കാന്‍ കഴിയാത്തതു കൊണ്ട് മാത്രം ആദ്യ രണ്ട് കളികളില്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടി. പിന്നീട് ഗില്‍ തിരിച്ചെത്തിയപ്പോള്‍ ശേഷിക്കുന്ന 11 കളികളിലും കിഷന്‍ സൈഡ് ബഞ്ചിലിരുന്ന് കളി കണ്ടു. പിന്നീട് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു ഡക്കും നേടിയ കിഷന്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടി.

എന്നാല്‍ ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് കിഷന്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ച്ചയായ യാത്രകളും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമാകാന്‍ കഴിയാത്തതിലെ മാനസികപ്രശ്നങ്ങളുമാണ് കിഷനെ അലട്ടുന്നതെന്ന് സൂചനകളുണ്ടായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ കിഷന്‍ രഞ്ജി ട്രോഫിയില്‍ സ്വന്തം ടീമായ ജാര്‍ഖണ്ഡിന് വേണ്ടി സൗരാഷ്ട്രക്കെതിരെ കളിക്കാനിറങ്ങിയില്ല.

എവിടെയാണെന്നതിനെക്കുറിച്ച് ഇന്ത്യൻ സെല്കടര്‍മാര്‍ക്കോ ജാര്‍ഖണ്ഡ് ടീമിലെ സഹതാരങ്ങള്‍ക്കോ യാതൊരു അറിവുമില്ലെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഷനെ ഫോണില്‍ ബന്ധപ്പെടാന്‍ ജാര്‍ഖണ്ഡ് ടീമിലെ സഹതാരങ്ങളോ ക്രിക്കറ്റ് അസോസിയേഷനോ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇന്ത്യൻ സെലക്ടര്‍മാരാകട്ടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെ കിഷന്‍ മടങ്ങിയതിലെ അതൃപ്തിയിലുമാണ്. കിഷനെ എന്തുകൊണ്ട് ഒഴിവാക്കി എന്ന കാര്യത്തില്‍ അവര്‍ യാതൊരു വ്യക്തതയും ഇതുവരെ നല്‍കിയിട്ടുമില്ല.

ഇതോടെയാണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തത്. അടുത്ത ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇപ്പോഴും കിഷന് ടി20 ലോകകപ്പ് ടീമില്‍ സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.

Top