ഇന്ത്യ-വിൻഡീസ് ഏകദിനം, രോഹിത് ശർമ്മക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണ്‍ ചെയ്യും

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ തനിക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മായങ്ക് അഗർവാൾ നിർബന്ധിത ക്വാറന്റീനിലാണ്. ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരും ഐസൊലേഷനിലായതിനാൽ മറ്റ് ഓപ്ഷൻ ഇല്ലെന്നും രോഹിത് ശർമ്മ. നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

‘ഇഷാൻ കിഷനാണ് ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ, യുവതാരം എനിക്കൊപ്പം ഓപ്പൺ ചെയ്യും. മായങ്ക് ടീമിൽ ഉണ്ടെങ്കിലും ഇപ്പോഴും ഐസൊലേഷനിലാണ്. താരം വൈകിയാണ് ടീമിനൊപ്പം ചേർന്നത്. അതിനാൽ ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടില്ല.’ – രോഹിത് പറഞ്ഞു. ധവാൻ, ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ എന്നിവർക്ക് ഏകദിനം നഷ്ടമായേക്കും.

ഇന്ത്യൻ ടീമിനെ കൊവിഡ് പ്രതികൂലമായി ബാധിച്ചു. ടീമിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. താരങ്ങൾക്ക് പരുക്ക് പറ്റുകയോ, കൂടുതൽ പേർ പോസിറ്റീവ് ആകുകയോ ചെയ്താൽ സാഹചര്യം കൂടുതൽ ദുഷ്കരമാകും. ആദ്യ ഏകദിനത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ വാക്കുകള്‍.

Top